അടൂർ : ഏഴംകുളം – കൈപ്പട്ടൂർ റോഡ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഏഴംകുളം ഗവൺമെന്റ് എൽപിഎസിനും, ഏഴംകുളം ദേവീക്ഷേത്രത്തിനും ഇടയിലുള്ള കനാൽ പാലം വീതി കൂട്ടി നിർമ്മിക്കുന്ന പ്രവർത്തി നടന്നു വരവേ സ്കൂൾ പിടിഎ കൂടി അദ്ധ്യാപകരും, രക്ഷകർത്താക്കളും നിർമ്മാണപ്രവർത്തനങ്ങൾ തടഞ്ഞ സംഭവം ശ്രദ്ധയിൽപ്പെട്ട സ്ഥലം എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ ബന്ധപ്പെട്ട കെ ആർ എഫ് ബി ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും യോഗം വിളിക്കുകയും, യോഗശേഷം സ്ഥലം സന്ദർശിച്ച് ഈ വിഷയത്തിൽ അടിയന്തരമായി പരിഹാരം ഉണ്ടാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയുമുണ്ടായി.
ആയത് പ്രകാരം പാലത്തിന് കിഴക്കുവശത്തുള്ള അക്വഡേറ്റ് വൃത്തിയാക്കി അതിലൂടെ സ്കൂളിലേക്കും, ക്ഷേത്രത്തിലേക്കും പോകുന്നതിനുള്ള സംവിധാനം ഉണ്ടാക്കും. അതോടൊപ്പം ഇതിനോട് ചേർന്നുള്ള ഇടറോഡിൻറെ സൈഡിലെ കാടുകൾ വെട്ടിത്തെളിച്ച് മെറ്റലിട്ട് സഞ്ചാരയോഗ്യമാക്കും. ഡെപ്യൂട്ടി സ്പീക്കറുടെ നിർദ്ദേശം അംഗീകരിച്ച് പാലം പണി ഉടൻതന്നെ പുനരാരംഭിച്ച് നവംബർ മാസം പൂർത്തീകരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനോടൊപ്പം കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ ദീപ അസ്സി. എക്സിക്യൂട്ടീവ് എൻജിനീയർ ബിജിതോമസ്, അസ്സി. എൻജിനീയർ കലേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാബു ജോൺ, ഷീജ പിടിഎ പ്രസിഡൻറ് അനിൽ നെടുമ്പള്ളി, ഏഴംകുളം എൽപിഎസ് ഹെഡ്മാസ്റ്റർ അശോകൻ തുടങ്ങിയവർ ഉണ്ടായിരുന്നു.