കോട്ടയം : പി.വി അൻവറിൻ്റെ ആരോപണങ്ങളിൽ കുടുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ എസ് പി ഓഫിസ് മാർച്ചിൽ സംഘർഷം. രാവിലെ കോട്ടയം സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. പ്രവർത്തകർക്ക് നേരെ ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീടും ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ മൂന്ന് തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധപ്രകടനവും ധർണയും കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഗൗരി ശങ്കർ , നിയോജക മണ്ഡലം പ്രസിഡൻ്റ് പി. കെ വൈശാഖ് , രാഹുൽ മറിയപ്പള്ളി , റാഷ് മോൻ ഒറ്റാത്തിൽ എന്നിവർ പങ്കെടുത്തു.