കോട്ടയം : വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്ര ഒരുക്കാൻ സ്കൂൾ പിടിഎ വെയിറ്റിങ്ങ് ഷെഡ്ഡ് നിർമ്മിക്കാനിരുന്ന സ്ഥലത്ത് സിപിഎം കൊടികുത്തി. പാക്കിൽ മാവിളങ്ങ് റോഡിൽ സിഎംഎസ് ഹൈസ്കൂൾ ജംഗ്ഷനിലെ പിഡബ്ല്യുഡി പുറമ്പോക്ക് ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഇടിഞ്ഞുവീഴാറായ കെട്ടിടം പൊളിച്ചു നീക്കി വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ നിർമ്മിക്കാനിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണമാണ് സിപിഎം തടഞ്ഞത്. ഇന്ന് രാവിലെ ആറുമണിയോടുകൂടിയായിരുന്നു സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കൊടികുത്തുകയും നിർമ്മാണങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തത്.ഏറെക്കാലമായി പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിൽ കിടന്നിരുന്ന കെട്ടിടത്തിൽ ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ താൽക്കാലികമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സ്വകാര്യ ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ബസ് കാത്തിരിക്കുന്നത് ഈ കെട്ടിടത്തിന് ചുറ്റുമാണ്. ഏതുനിമിഷവും യാത്രക്കാരുടെ മേൽതകർന്ന് വീഴാവുന്ന നിലയിലാണ് കെട്ടിടം നിലനിന്നത്. ഇതിനിടെയാണ് പള്ളം സിഎംഎസ് ഹൈസ്കൂൾ പിടിഎ അധികൃതർ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് അനുമതി വാങ്ങുകയും ചെയ്തത്. ഇന്നലെയോട് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണികൾ ആരംഭിക്കുകയും ചെയ്തു.എന്നാൽ ഇവിടെ ഇന്ന് പുലർച്ചെ ആറ് മണിയോടെ സിപിഎം നേതാക്കൾ വന്ന് കൊടികുത്തി നിർമ്മാണം തടസ്സപ്പെടുത്തി എന്നാണ് സ്കൂൾ പിടിഎ അംഗങ്ങൾ ആരോപിക്കുന്നത്. പുറമ്പോക്ക് ഭൂമിയിൽ നിന്നിരുന്ന പഴയ കെട്ടിടം പൊളിക്കാൻ എല്ലായിടങ്ങളിൽ നിന്നും അനുമതി സ്കൂൾ പിടിഎ അധികൃതർക്ക് ലഭിച്ചിരുന്നു എന്നും പഴയ കെട്ടിടത്തിന്റെ കറന്റ് ബിൽ ഉൾപ്പെടെ പിടിഎ അധികൃതർ അടച്ചിരുന്നു എന്നും പറയുന്നു. മുമ്പ് ഇവിടെ ഡിവൈഎഫ്ഐയുടെ നേതൃതത്തിൽ കാത്തിരിപ്പ് കേന്ദ്രം പണിയാൻ പദ്ധതികൾ ഉണ്ടായിരുന്നതായും എന്നാൽ അതിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ പിടിഎയുടെ നേതൃത്വത്തിൽ പണികൾ ആരംഭിച്ചപ്പോൾ തടസ്സപ്പെടുത്തിയതെന്നും ആരോപണമുണ്ട്.ഉടൻതന്നെ സ്കൂൾ പിടിയുടെ നേതൃത്വത്തിൽ എംഎൽഎ, എംപി,കളക്ടർ,നഗരസഭ ചെയർപേഴ്സൺ തുടങ്ങിയവർക്ക് പരാതി നൽകും എന്നും പിടിഎ അംഗങ്ങൾ പറഞ്ഞു.