“പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയാക്കി; പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തി”; രൂക്ഷ വിമർശനവുമായി എംവി ഗോവിന്ദൻ

പാലക്കാട്: പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സി പി എം പാലക്കാട് മേഖല റിപ്പോർട്ടിംഗിലാണ് പികെ ശശിക്കെതിരെ തുറന്നടിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതിയെന്നും സി പി എം ജില്ല സെക്രട്ടറിയെ കള്ളു കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചുവെന്നും എംവി ഗോവിന്ദൻ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.സിപിഎം ജില്ലാ സെക്രട്ടറിയെ കള്ളു കേസിൽ കുടുക്കാൻ പികെ ശശി ഒരു മാധ്യമപ്രവർത്തകനുമായി ഗൂഡാലോചന നടത്തി. ഇതിന്‍റെ തെളിവുകൾ പാർട്ടിക്ക് ലഭിച്ചുവെന്നും പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. പികെ ശശിക്കെതിരെ പരാതി കിട്ടിയിട്ടുണ്ടോയെന്ന് നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത്തരമൊരു പരാതിയൊന്നുമില്ലെന്നായിരുന്നു എംവി ഗോവിന്ദൻ പറഞ്ഞിരുന്നത്. എന്നാല്‍, പികെ ശശിക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണിപ്പോള്‍ എംവി ഗോവിന്ദൻ രൂക്ഷ വിമര്‍ശനം നടത്തുന്നത്. പാർട്ടി ഫണ്ട് തിരിമറി കേസിലാണ് മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടിയെടുത്തത്. പി.കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കികൊണ്ടാണ് നടപടി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തിരുന്നു. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. പുത്തലത്ത് ദിനേശന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്സൽ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. ഇതോടെ പികെ ശശിക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി.

Advertisements

Hot Topics

Related Articles