കോന്നി : മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തന രണ്ടാം ഘട്ടം വേഗത്തിൽ ആക്കാൻ കെ യു ജനീഷ് കുമാർ എംഎൽഎ നിര്‍ദ്ദേശം നല്‍കി. ആശുപത്രി വികസന സൊസൈറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കണം.
കിഫ്‌ബിയിൽ നിന്നും 352 കോടി രൂപ അനുവദിച്ചാണ് വികസനം നടപ്പിലാക്കുന്നത്.
സൃഷ്ടിച്ച തസ്തികകളില്‍ ഉടന്‍ നിയമനം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.
സ്പെഷ്യൽ മെഡിക്കൽ കോളേജ് ആയി മണ്ഡല കാലത്ത് കോന്നി മെഡിക്കൽ കോളേജിനെ ക്രമീകരിക്കും. കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും ജീവനക്കാരെയും നിയമിക്കാനും തീരുമാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോർച്ചറി
സിവില്‍ ജോലികള്‍ പൂര്‍ത്തിയ മോർച്ചറിയിൽ ഒക്ടോബർ 2ന് പോസ്റ്റുമോർട്ടം ടേബിൾ ഇൻസ്റ്റാൾ ചെയ്യും; 10ന് ഫ്രീസറുകളും. ഒക്ടോബർ മാസത്തില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കാന്‍ നിര്‍ദേശവും നല്‍കി.
കോളേജ് കെട്ടിടം
അക്കാദമിക്ക് ബ്ലോക്ക് പുതിയ കെട്ടിടം സെപ്റ്റംബർ 30ന് പൂർത്തീകരിക്കും.
പുതിയ ആശുപത്രി കെട്ടിടം
200 കിടക്കകളുള്ള 6 നിലയിൽ നിർമ്മിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഡിസംബർ മാസത്തോടെ പൂർത്തീകരിക്കും. ആറ് നിലകൾ പൂർത്തിയായി.
ക്വാര്‍ട്ടേഴ്‌സുകള്‍ ജീവനക്കാർക്കും ഡോക്ടർമാർക്കും ഉള്ള ക്വാർട്ടേഴ്സുകളിൽ 11 നിലവീതം ഉള്ള രണ്ട് ഫ്ളാറ്റുകളുടെ നിർമ്മാണം പൂർത്തിയായി. മറ്റു രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തി ഡിസംബർ മാസത്തിൽ പൂർത്തീകരിക്കും.
പ്രിൻസിപ്പൽ ഡീൻ വില്ല
പ്രിൻസിപ്പൽ താമസിക്കുന്നതിനുള്ള ഡീന്‍ വില്ലയുടെ നിർമ്മാണം പൂർത്തീകരിച്ചു.
ലേബർ റൂം
ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, എന്നിവയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.ഒക്ടോബർ മാസം അവസാനത്തോടെ ഗൈനക്ക് വിഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.
നിലവിൽ നിർമ്മാണം പൂർത്തീകരിച്ച ലേബർ ഓ.പിയിലേക്ക് പ്രവർത്തനം ക്രമീകരിച്ചിട്ടുണ്ട്.
സ്കാനിങ്
സ്കാനിംഗ് സേവനങ്ങൾക്ക് ഡേറ്റ് നൽകുന്നതിന് കൂടുതൽ സമയം ആവശ്യമായി വരുന്നതിനാൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ച് നവംബർ 1 മുതൽ എക്‌സ്‌റേയുടെയും സി.ടി സ്‌കാനിംഗിന്റേയും പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാൻ നിർദ്ദേശം നൽകി.
മോഡുലാർ ഓപ്പറേഷൻ തിയേറ്റർ
മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഒക്ടോബർ 10ന് പൂർത്തീകരിക്കും.
ഇ- ഹെൽത്ത്
ജനങ്ങൾക്ക് ഓൺലൈനായി ഓ. പി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം കോന്നി മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തി. സംവിധാനം ഉപയോഗിച്ച് മൊബൈൽ ഫോൺ വഴിയും കമ്പ്യൂട്ടറുകൾ, അക്ഷയ സെന്ററുകൾ വഴിയും ഒ.പി ടിക്കറ്റ് എടുക്കാം.
ചുറ്റുമതിൽ, ഗേറ്റ്
ചുറ്റുമതി നിർമ്മാണ പ്രവർത്തി 50% ശതമാനം പൂർത്തീകരിച്ചു. പ്രവേശന കവാടത്തിന്റെ പ്രധാന പില്ലറുകളുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചു.
ഓഡിറ്റോറിയം
800 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന്റെയും, എക്സാമിനേഷൻ ഹാളിന്റെയും, പാർക്കിംഗ് ലോജിന്റെയും നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബറിൽ പൂർത്തീകരിക്കും.
മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ക്കായി സൂപ്രണ്ട് പ്രിൻസിപ്പൽ എന്നിവർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് പ്രൊപ്പോസൽ നൽകാൻ നിർദ്ദേശിച്ചു. മെഡിക്കല്‍ കോളേജിലേക്ക് കൂടുതല്‍ യാത്രാസൗകര്യം ഒരുക്കാനും ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് റോഡിന്റെ ഇരുവശവും വളർന്നുനിൽക്കുന്ന കാട് വൃത്തിയാക്കുവാൻ പൊതുമരാമത്ത് എൻജിനീയറെ ചുമതലപ്പെടുത്തി. മെഡിക്കൽ കോളേജ് റോഡിൽ ആനകുത്തിയിൽ റോഡ് അരികിൽ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുകയുംവേണമെന്ന് അറിയിച്ചു.
ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണൻ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സെസ്സി ജോബ്, മെഡിക്കൽ സൂപ്രണ്ട് ഡോ.ഷാജി എ., ആരോഗ്യമന്ത്രിയുടെ പ്രതിനിധി പി. ജെ. അജയകുമാർ, എംപിയുടെ പ്രതിനിധി എസ്. സന്തോഷ് കുമാർ,പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ജാസ്മിൻ,മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.