വൈക്കം: വേമ്പനാട്ടുകായൽ നീന്തിക്കടന്ന് ആറു വയസുകാരൻ. മൂവാറ്റുപുഴ കനേഡിയൻ സെൻട്രൽ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ശ്രാവൺ എസ്.നായരാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടാൻ കായൽ നീന്തി കടന്നത്. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്ത്, രഞ്ജുഷ ദമ്പതികളുടെ മകനാണ് ശ്രാവൺ. കായലിൽ തിങ്ങി വ്യാപിച്ച പോള സൃഷ്ടിച്ച പ്രതിബന്ധങ്ങൾ നീക്കിയാണ് ഈ കൊച്ചു മിടുക്കൻ റെക്കാർഡ് തീർത്തത്. രാവിലെ 8.30 ന് ചേർത്തല വടക്കുംകര അമ്പലക്കടവിൽ നിന്നാണ് ശ്രാവൺ നീന്തൽ ആരംഭിച്ചത്. 10.35ഓടെ വൈക്കം കായലോര ബീച്ചിലേക്ക് ശ്രാവൺ നീന്തിക്കയറി.
കായലോരത്ത് ജനപ്രതിനിധികളടക്കം നിരവധിയാളുകൾ നിറഞ്ഞ കരഘോഷത്തോടെയാണ് ശ്രാവണെ വരവേറ്റത്. ഫ്രാൻസിസ് ജോർജ് എം പി , ചലച്ചിത്രപിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വൈക്കത്തെയും കോതമംഗലത്തെയും ജനപ്രതിനിധികൾ, റിട്ട. ക്യാപ്ടൻ എ. വിനോദ് കുമാർ കോ-ഓഡിനേറ്റർ ശിഹാബുദ്ദീൻ സൈനു തുടങ്ങിയവർ ശ്രാവണെ അഭിനന്ദിച്ചു.