കുമാരനല്ലൂർ : ദേവീ ക്ഷേത്രത്തിനും, ദേശ വഴികള്‍ക്കും ഐശ്വര്യം പകർന്ന് ഉത്രാടം നിറ ചടങ്ങുകൾ നടന്നു. ആചാരപ്പെരുമയോടെ ഒന്നാം ഓണമായ , ഉത്രാട ദിനത്തില്‍ പ്രഭാത പൂജക്കുശേഷമായിരുന്നു ചടങ്ങുകൾ. ദേവിയുടെ ദേശവഴിയായ മാഞ്ഞൂരില്നിന്നു കൊണ്ടുവന്ന പുന്നെല്ലിന്‍ കതിരുകള്‍ അടുക്കി കറ്റയാക്കി, കാരാഴ്മക്കാരായ പുളിയായില്‍ മാരാര്‍ കുടുബക്കാരാണ് ഉത്രാടം നാളില്‍ രാവിലെ തലയിലേറ്റി വാദ്യമേളങ്ങളോടെ ക്ഷേത്ര കിഴക്കെ ഗോപുരനടയില്‍ എത്തിച്ചത്. തുടര്‍ന്നു മധുര ഇല്ലത്തെ പൂജാസ്ഥാനി ഏറ്റുവാങ്ങി നാലമ്ബലത്തിലേക്ക് എഴുന്നള്ളിച്ച് ദേവിയുടെ മുന്നിലെ നമസ്കാര മണ്ഡപത്തില്‍ പൂജ നടത്തി. പൂജിച്ച കതിര് ആദ്യം ദേവിക്കും പിന്നീട് ഉപദേവക്ഷേത്രങ്ങളിലും സമര്‍പ്പിച്ച ശേഷം ഐശ്വര്യത്തിന്റെ പ്രതീകമായി ഭവനങ്ങളില്‍ കൊണ്ടുപോകുവാന്‍ ഭക്തര്‍ക്കു നല്‍കുന്നതാണ് ചടങ്ങ്. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കാളികളായി.