ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ രോഗി കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഇന്നലെയാണ് സംഭവമുണ്ടായത്. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സര്‍ജന്‍ ഡോ. അജ്ഞലിയ്ക്കാണ് രോഗിയില്‍ നിന്നും മർദനമേറ്റത്. ഡോക്ടർ പരാതി നല്‍കിയതിനെ തുടർന്ന് കേസെടുത്ത പൊലീസ് പ്രതി ഷൈജുവിനെ തകഴിയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
നെറ്റിയില്‍ മുറിവുമായെത്തിയ ഷൈജു, മുറിവില്‍ തുന്നലിടുന്നതിനിടെ ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. വീണ്ടും ഡോക്ടറെ ഇയാള്‍ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. രോഗി മദ്യലഹരിയില്‍ ആയിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി എടുത്തിരിക്കുന്നത്.