വൈക്കം നഗരസഭയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി മുന്‍ചെയര്‍പേഴ്‌സണ്‍; നിയമനടപടികള്‍ക്കും സമരമാര്‍ഗങ്ങളിലേക്കും മുന്‍ചെയര്‍പേഴ്‌സണ്‍ ഒരുങ്ങുന്നു 

വൈക്കം: വൈക്കം നഗരസഭയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി മുന്‍ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി രംഗത്ത്. കഴിഞ്ഞ ഭരണസമിതിയിലെ ചെയര്‍പേഴ്‌സണും നിലവില്‍ ആറാം വാര്‍ഡ് കൗണ്‍സിലറുമായ ഇവര്‍, തന്റെ വാര്‍ഡില്‍ വീടിനുസമീപത്തുള്ള ഹൈപ്പവര്‍ ബ്രിഡ്ജ് എന്ന സ്ഥാപനത്തില്‍നിന്നും ഉണ്ടാകുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും റോഡ് നശീകരണവും അടക്കമുള്ള കാര്യങ്ങള്‍ക്ക് നിയമവിരുദ്ധമായി നഗരസഭ സെക്രട്ടറി ഒത്താശ ചെയ്യുന്നു എന്നുള്ള ആക്ഷേപമാണ് ഉന്നയിക്കുന്നത്. മാടവന മഠം ആര്‍ സുനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വാടക അടിസ്ഥാനത്തില്‍ പ്രസ്തുത സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വളരെ ചെറിയ റോഡ് ആണ് ഈ പ്രദേശത്തേക്കുള്ളത്. 

Advertisements

ഹോളോബ്രിക്‌സ് നിര്‍മാണം മൂലമുണ്ടാകുന്ന പൊടിശല്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ശ്വാസംമുട്ടലും ഉണ്ടാകുന്നതായും ഈ പ്രദേശത്തേക്കുള്ള റോഡ് വലിയ ലോറികളുടെ വരവ് മൂലം പൊട്ടിപ്പൊളിഞ്ഞു പോയതായും ഇന്ദിരാദേവി പറഞ്ഞു. വ്യവസായ വകുപ്പിന്റെ അക്‌നോളഡ്ജ്‌മെന്റ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇതുപറഞ്ഞ് തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമൂലം താന്‍ തന്നെയാണ് ഹോളോബ്രിക്‌സ് നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ തനിക്കും പരിസരവാസികള്‍ക്കും ഉണ്ടായ ബുദ്ധിമുട്ടിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് പൂര്‍ണമായും നിയമവിരുദ്ധമായാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടൗണ്‍ പ്ലാനിങ്ങില്‍ ഇത് റെസിഡന്‍ഷ്യല്‍ സോണ്‍ ആണ്. ജനവാസ മേഖലയില്‍ സൈ്വര്യജീവിതത്തിന് തടസ്സമുണ്ടാക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ഹൈക്കോടതിയുടെ കര്‍ശനമായ വിലക്കുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും ടൗണ്‍ പ്ലാനിങ് ആക്റ്റ് പ്രകാരവും നഗരസഭ എഞ്ചിനീയര്‍ ഇത് നിറുത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ കത്തും പ്രവര്‍ത്തിക്കുന്ന ഷെഡ്ഡ് അനധികൃതമാണ് എന്നുകാണിച്ചുനല്‍കിയ നോട്ടീസും ഈ സ്ഥാപനം പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ് നല്‍കുന്നുണ്ട്. ഇതെല്ലാം കാണിച്ച് നഗരസഭ സെക്രട്ടറിയ്ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും തികച്ചും പക്ഷാപാതപരവും നിരുത്തരവാദപരവുമായ സമീപനമാണ് സെക്രട്ടറി സ്വീകരിക്കുന്നതെന്ന് എസ് ഇന്ദിരാദേവി ആരോപിച്ചു. 70 വയസ്സ് കഴിഞ്ഞ, നഗരസഭ സര്‍വീസില്‍ നിന്നും വിരമിച്ച തനിക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും ആശങ്കാജനകമാണെന്നും ഇവര്‍ പറഞ്ഞു. ഈ നിയമവിരുദ്ധ സ്ഥാപനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നഗരസഭ കൗണ്‍സിലില്‍ വെക്കുന്നതിനുപോലും സെക്രട്ടറി തയ്യാറാകുന്നില്ല. ഇക്കാര്യത്തില്‍ നഗരസഭ ഭരണാധികാരികള്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ക്കും സമരമാര്‍ഗങ്ങളിലേക്കും പോകേണ്ടി വരുമെന്നും എസ് ഇന്ദിരാദേവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Hot Topics

Related Articles