പത്തനംതിട്ട : സ്വകാര്യകമ്പനിയുടെ മൊബൈൽ ടവറുകളിലെ ഏർത്ത് ചെമ്പുകേബിളുകൾ മോഷ്ടിച്ച കേസിൽ ഒരാളെ കൂടൽ പോലീസ് പിടികൂടി. യൂണിടെക് എനർജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ കൂടൽ, അതിരുങ്കൽ, കാരയ്ക്കാകുഴി എന്നിവടങ്ങളിൽ സ്ഥാപിച്ച ടവറുകളിൽ നിന്നാണ് ഇവ മോഷ്ടിച്ചത്. 19175 രൂപയുടെ ചെമ്പ് കേബിളുകളാണ് പ്രതി രണ്ട് പേരുടെ കൂടി സഹായത്തോടെ മോഷ്ടിച്ചത്. കലഞ്ഞൂർ കൊട്ടന്തറ ഇടിഞ്ഞകുഴി വിജയഭവനം വീട്ടിൽ നിന്നും ഏനാദിമംഗലം മാരൂർ മാവിള ലക്ഷ്മി ഭവനം വീട്ടിൽ താമസിക്കുന്ന ശ്രീകാന്ത് (24) ആണ് കൂടൽ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം രണ്ടിനും 20 നുമിടയിലുള്ള കാലയളവിലാണ് മോഷണം നടന്നത്.
സ്ഥാപനത്തിൽ ടെക്‌നിഷ്യൻ ആയി ജോലി ചെയ്യുന്ന പാലക്കാട് ആലത്തൂർ പന്നിയങ്കര പന്തലാമ്പാടം നിയസിന്റെ പരാതിപ്രകാരമാണ് കൂടൽ പോലീസ് കേസെടുത്തത്. കേസിൽ രണ്ട് 17 കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതിയുടെ ചോദ്യം ചെയ്യലിൽ പോലീസിന് വ്യക്തമായി. കുട്ടികളിൽ നിന്നും പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശ്രീകാന്തിന്റെ പങ്ക് വ്യക്തമാകുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവർ സഞ്ചരിച്ച മോട്ടോർ സൈക്കിൾ പോലീസ് പിടിച്ചെടുത്തു. കുട്ടികളെ ജുവനയിൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. പിന്നീട് കൊല്ലത്ത് ഗവണ്മെന്റ് ഒബ്സെർവെഷൻ സെന്ററിലേക്ക് മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടലിൽ നിന്നും ഇന്നലെ വൈകിട്ടോടെ ശ്രീകാന്തിനെ പിടികൂകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പത്തനാപുരത്തെ ആക്രിക്കടയിൽ മോഷ്ടിച്ച കേബിളുകൾ വിറ്റതായി ഇയാൾ വെളിപ്പെടുത്തി. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കടയുടമയെ വിവരം ധരിപ്പിക്കുകയും, ഇയാൾ ഇവ സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.ചെമ്പു കേബിളുകൾ മാറ്റിയശേഷമുള്ള അലുമിനിയം കവറിങ്ങുകൾ ചാക്കിൽ കെട്ടിയ നിലയിൽ ഒരു കൗമാരക്കാരന്റെ വീട്ടിൽ നിന്നും പിന്നീട് പോലീസ് കണ്ടെടുത്തു.
ആക്രിക്കടയിൽ വിറ്റപ്പോൾ കിട്ടിയ തുക മൂവരും പങ്കിട്ടെടുത്തതായും പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. പ്രതി സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ വേറെ സഹായികൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.