കോട്ടയം: എം.സി റോഡിൽ കാണക്കാരിയിൽ സ്വകാര്യ ബസിന്റെ അമിത വേഗം. ബുള്ളറ്റ് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ആവേമരിയ ബസിലെ ജീവനക്കാർ നാട്ടുകാരോട് തട്ടിക്കയറുകയും ചെയ്തു. അപകടത്തെ തുടർന്നു ഡ്രൈവർ ബസിൽ നിന്നും ഓടിരക്ഷപെട്ടു. അപകടത്തിൽ സാരമായി പരിക്കേറ്റ രണ്ടു ബൈക്ക് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. എറണാകുളത്തു നിന്നും കോട്ടയത്തേയ്ക്കു വരികയായിരുന്നു അവേമരിയ ബസ്. തെറ്റായ ദിശയിലൂടെ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാർ റോഡിൽ വീണതോടെ, ബസ് ഡ്രൈവർ ബസ് റോഡിൽ ഉപേക്ഷിച്ച ശേഷം ഓടിരക്ഷപെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ നാട്ടുകാർ സ്ഥലത്ത് തടിച്ച് കൂടി. ഇവിടെ എത്തിയ നാട്ടുകാരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ പരിക്കേറ്റയാളെ നാട്ടുകാരിൽ ചിലർ ചേർന്ന് സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവം അറിഞ്ഞ് ഏറ്റുമാനൂർ പൊലീസും, കുറവിലങ്ങാട് പൊലീസും സ്ഥലത്ത് എത്തി. മോട്ടോർ വാഹന വകുപ്പ് അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. സ്വകാര്യ ബസിന്റെ അമിത വേഗമാണ് അപകടകാരണമെന്നു നാട്ടുകാർ ആരോപിച്ചു.