കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാട് സിനിമയിലെ സഹപ്രവര്‍ത്തകരെ സംബന്ധിച്ച് ഉണ്ടാക്കുന്ന വൈകാരികമായ നഷ്ടം വലുതാണ്. സിനിമയില്‍ ആറ് പതിറ്റാണ്ടിന്‍റെ അനുഭവ പരിചയമുള്ള കവിയൂര്‍ പൊന്നമ്മയ്ക്ക് ഏറ്റവും പുതിയ തലമുറ താരങ്ങളുമായിപ്പോലും ഹൃദയബന്ധം ഉണ്ടായിരുന്നു. കളമശ്ശേരി ടൗണ്‍ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ ബിഗ് സ്ക്രീനിലെ അമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ മലയാള സിനിമയിലെ പ്രമുഖരുടെ നിരയെത്തി. ആന്‍റണി പെരുമ്പാവൂര്‍, എന്‍ എം ബാദുഷ, കുഞ്ചന്‍, സിദ്ദിഖ്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ബി ഉണ്ണികൃഷ്ണന്‍, ബാബു ആന്‍റണി, രവീന്ദ്രന്‍, രണ്‍ജി പണിക്കര്‍, മനോജ് കെ ജയന്‍ തുടങ്ങിയവരൊക്കെ കളമശ്ശേരി ടൗണ്‍ ഹാളില്‍ എത്തി.
ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. ഇന്നലെ വൈകിട്ട് ആയിരുന്നു കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തില്‍ അർബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്മ വേഷങ്ങളാണ് കവിയൂര്‍ പൊന്നമ്മയെ മലയാളി സിനിമാപ്രേമികളുടെ പ്രിയങ്കരി ആക്കിയത്. 20-ാം വയസില്‍ത്തന്നെ സത്യന്‍റെയും മധുവിന്‍റെയും അമ്മയായി അഭിനയിച്ചിട്ടുണ്ട് കവിയൂര്‍ പൊന്നമ്മ. നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു. തിരുവല്ലക്കടുത്ത് കവിയൂരില്‍ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. നടി കവിയൂർ രേണുക ഉള്‍പെടെ ആറ് സഹോദരങ്ങളുണ്ട്.