“രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കപ്പെടണം; ലോകം സംഘർഷഭരിതം; അതിര്‍ത്തി ഭദ്രതയും പരമ പ്രധാനം” ; ക്വാഡ് ഉച്ചകോടിയില്‍ മോദി

വില്‍മിങ്ടണ്‍: ലോകം സംഘര്‍ഷ ഭരിതമാണെന്നും സമാധാനശ്രമങ്ങളില്‍ ക്വാഡിന് ഏറെ പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിലൂന്നിയുള്ള ജനനന്മയാണ് ആവശ്യമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കപ്പെടണമെന്നും മോദി പറഞ്ഞു. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളടങ്ങിയ ക്വാഡ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കപ്പെടണം. അതിര്‍ത്തി ഭദ്രതയും പരമ പ്രധാനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്‍ അധ്യക്ഷത വഹിച്ച ഉച്ചകോടിയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ പങ്കെടുത്തു.

Advertisements

‘ഞങ്ങള്‍ ആര്‍ക്കും എതിരല്ല. നിയമങ്ങള്‍ അനുസരിച്ചുള്ള അന്താരാഷ്ട്ര രീതികളെ ഞങ്ങള്‍ എല്ലാവരും പിന്തുണക്കുന്നു. പരമാധികാരത്തോടുള്ള ബഹുമാനം, പ്രാദേശിക സമഗ്രത, എല്ലാ പ്രശ്‌നങ്ങളുടെയും സമാധാനപരമായ പരിഹാരം എന്നിവയെയും നാം പിന്തുണക്കുന്നു, ‘ മോദി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉച്ചകോടിക്ക് പുറമെ ബൈഡന്‍, ആല്‍ബനീസ്, കിഷിദ എന്നിവരുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. 

ബൈഡനുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും ആഭ്യന്തര, ലോക കാര്യങ്ങള്‍ സംസാരിച്ചുവെന്നും മോദി പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്ക 297 ഇന്ത്യന്‍ പുരാവസ്തുക്കള്‍ ഇന്ത്യക്ക് കൈമാറി. പരിഷ്‌കരിച്ച യുഎന്‍എസ്‌സിയിലെ സ്ഥിരാംഗത്വം ഉള്‍പ്പെടെ ഇന്ത്യയുടെ ശബ്ദം പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ആഗോള സ്ഥാപനങ്ങളെ പരിഷ്‌കരിക്കുന്ന എല്ലാ സംരംഭങ്ങളെയും അമേരിക്ക പിന്തുണയ്ക്കുമെന്ന് ബൈഡനും അറിയിച്ചു.

ഓസ്‌ട്രേലിയയുമായുള്ള സൗഹൃദം വിലമതിക്കുന്നതാണെന്ന് മോദി ആല്‍ബനീസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യക്തമാക്കി. പിഎം ആല്‍ബനീസുമായി നീണ്ട ചര്‍ച്ചകള്‍ നടത്തിയെന്നും വ്യാപാരം, സുരക്ഷ, ബഹിരാകാശം, സംസ്‌കാരം എന്നീ മേഖലകളില്‍ പരസ്പരം ആക്കം കൂട്ടുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിയെന്നും മോദി എക്‌സില്‍ കുറിച്ചു.

ജപ്പാനുമായുള്ള ഉഭയകക്ഷി ബന്ധം വിപുലീകരിക്കാനുള്ള മാര്‍ഗങ്ങളാണ് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായുള്ള ചര്‍ച്ചകള്‍ നടത്തിയത്. അടിസ്ഥാന വികസനത്തില്‍ സഹകരണം, അര്‍ധചാലകങ്ങള്‍, പ്രതിരോധം, ഹരിതോര്‍ജം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് കിഷിദയുമായി നടത്തിയതെന്ന് മോദി എക്‌സില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ക്വാഡ് ഉച്ചകോടി, യുഎന്‍ യോഗം തുടങ്ങിയ പ്രധാന അജണ്ടയില്‍ നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശനത്തിന് പുറപ്പെട്ടത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് മോദി അമേരിക്കയിലെത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.