വാഷിംങ്ടണ്‍: യു.എസിലെ തെക്കു കിഴക്കൻ സംസ്ഥാനമായ അലബാമയിലെ ബിർമിംഗ്ഹാമില്‍ കൂട്ട വെടിവെടിവെപ്പ്. നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.നഗരത്തിലെ ഫൈവ് പോയിൻറ്സ് സൗത്ത് ഏരിയയില്‍ ശനിയാഴ്ച രാത്രി ഒന്നിലധികം ഷൂട്ടർമാർ ഒരു കൂട്ടം ആളുകള്‍ക്ക് നേരെ നിരവധി തവണ വെടിയുതിർത്തതായി ബർമിംഗ്ഹാം പൊലീസ് ഓഫിസർ ട്രൂമാൻ ഫിറ്റ്‌സ് ജെറാള്‍ഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു.നാലാമത്തെയള്‍ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്.
വെടിയേറ്റവരില്‍ നാല് പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റതായി ജെറാള്‍ഡ് പറഞ്ഞു. തോക്കുധാരികള്‍ ഇരകളുടെ അടുത്തേക്ക് വന്നത് നടന്നാണോ അതോ വാഹനമോടിച്ചാണോ എന്നത് അന്വേഷിക്കുകയാണെന്നും പ്രതികളെ പിടികൂടാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാത്രി ജീവിതത്തിന് പേരുകേട്ടതാണ് ഫൈവ് പോയിൻറ്സ് സൗത്. ധാരാളം ആളുകള്‍ വിനോദത്തിനായി എത്തുന്ന ഇടം കൂടിയാണിത്. ഇവിടുത്തെ മഗ്നോളിയ അവന്യൂവിലാണ് വെടിവെപ്പ് നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെടിയൊച്ചകള്‍ കേട്ടപ്പോള്‍ ഓട്ടോമേറ്റിക് തോക്കില്‍ നിന്നാണെന്ന് തോന്നിയതായി ആ സമയത്ത് അവിടെയുണ്ടായിരുന്നവർ പറഞ്ഞു. രാജ്യത്തെ ഗണ്‍ വയലൻസ് ആർകൈവില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് ഈ വർഷം ഇതുവരെ യു.എസിലുടനീളം 400ലധികം കൂട്ട വെടിവെപ്പുകള്‍ നടന്നിട്ടുണ്ട്.