അൻവർ ഒടുവിൽ പാർട്ടിക്കു കീഴടങ്ങി ! ഈ വിഷയത്തിൽ പരസ്യ പ്രസ്താവന ഈ നിമിഷം മുതൽ ഞാൻ താത്ക്കാലികമായി അവസാനിപ്പിക്കുകയാണ്”: വിവാദങ്ങളിൽ നിന്നും താൽക്കാലികമായി പിന്മാറി പി വി അൻവർ എംഎൽഎ

മലപ്പുറം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിവാദങ്ങളിൽ നിന്നും താൽക്കാലികമായി പിന്മാറ്റം പ്രഖ്യാപിച്ച് പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയുമായി നേരിട്ട് ഏറ്റുമുട്ടലിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് എംഎൽഎ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവാദങ്ങളിൽ പരസ്യപ്രസ്താവന അവസാനിപ്പിക്കുകയാണ് എന്ന നിലപാടെടുത്തത്. 

Advertisements

എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ –


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിനോട്‌,

ഈ നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരോട്‌,

പൊതുസമൂഹത്തിനോട്‌,

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ.ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏറെ വിഷമത്തോടെയാണ് ഈ വിഷയങ്ങളിൽ ഇടപെട്ടിരുന്നത്‌.എന്നാൽ,ഇത്‌ സാധാരണക്കാരായ പാർട്ടി അണികളുടെയും, പൊതുസമൂഹത്തിന്റെയും നന്മയ്ക്കായി ഏറ്റെടുത്ത്‌ നടത്തേണ്ടി വന്ന പ്രവർത്തനമാണ്.പോലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്‌.അക്കാര്യത്തിൽ ലവലേശം കുറ്റബോധമില്ല,പിന്നോട്ടുമില്ല.

വിഷയങ്ങൾ സംബന്ധിച്ച്‌ സർക്കാരിന് നൽകിയ പരാതിയിന്മേൽ സർക്കാർ പല അടിയന്തര നടപടികളും സ്വീകരിച്ചതിൽ നിന്ന് തന്നെ വിഷയത്തിന്റെ ഗ്രാവിറ്റി വ്യക്തമാണ്.എന്നാൽ കുറ്റാരോപിതർ തൽസ്ഥാനത്ത്‌ തുടരുന്നതിനോട്‌ അന്നും,ഇന്നും വിയോജിപ്പുണ്ട്‌.അത്‌ പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്‌.

ഈ നാട്ടിലെ സഖാക്കളെയും,പൊതുജനങ്ങളെയും ബാധിക്കുന്ന ഒരു ഗൗരവതരമായ വിഷയം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിച്ചത്‌.ഇക്കാര്യത്തിനായി ആരും നടക്കാത്ത വഴികളിലൂടെയൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്‌.അത്‌ എന്റെ പ്രിയപ്പെട്ട പാർട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട്‌ എന്ന ബോധ്യമെനിക്കുണ്ട്‌.മറ്റ്‌ വഴികൾ എനിക്ക്‌ മുൻപിൽ ഉണ്ടായിരുന്നില്ല.അക്കാര്യത്തിൽ നിങ്ങൾ ഓരോരുത്തവരോടും ക്ഷമ ചോദിക്കുന്നു.

“വിഷയങ്ങൾ സംബന്ധിച്ച്‌ വിശദമായി എഴുതി നൽകിയാൽ അവ പരിശോധിക്കും” എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ്‌ എം.വി.ഗോവിന്ദൻ മാസ്റ്റർ അറിയിച്ചിരുന്നു.വിശദമായ പരാതി അദ്ദേഹത്തിന് എഴുതി നൽകിയിട്ടുണ്ട്‌.ഇക്കാര്യത്തിൽ സമയബന്ധിതമായി വേണ്ട പരിശോധനകൾ ഉണ്ടാകുമെന്ന് അദ്ദേഹം “ഇന്നും” വ്യക്തമാക്കിയിട്ടുണ്ട്‌.

ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. വിവാദ പോലീസ്‌ ഉദ്യോഗസ്ഥന്റെ ആർ.എസ്‌.എസ്‌ സന്ദർശ്ശനത്തിൽ തുടങ്ങി,തൃശ്ശൂർപൂരം മുതൽ വർഗ്ഗീയത പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്സിനെ സഹായിച്ചത്‌ വരെയും,സ്വർണ്ണക്കള്ളക്കടത്ത്‌ അടക്കമുള്ള മറ്റനേകം ഗുരുതരമായ വിഷയങ്ങളുമാണ് ഞാൻ ഉയർത്തിയത്‌.ഇക്കാര്യത്തിൽ “ചാപ്പയടിക്കും,മുൻ വിധികൾക്കും”(എങ്ങനെ വേണമെങ്കില്ലും വ്യാഖ്യാനിക്കാം)അതീതമായി നീതിപൂർവ്വമായ പരിശോധനയും നടപടിയും ഈ പാർട്ടി സ്വീകരിക്കും എന്ന് എനിക്ക്‌ ഉറപ്പുണ്ട്‌.

ഈ നാട്ടിലെ മതേതരത്വം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു സമൂഹത്തിന്റെ എക്കാലത്തേയും വലിയ ആശ്രയമാണ് ഇടതുപക്ഷം.ഈ ചേരിക്ക്‌ മുന്നിൽ നിന്ന് നേതൃത്വം നൽകുന്ന പ്രസ്ഥാനമാണ് സി.പി.ഐ.എം.ഈ പാർട്ടിയോട്‌ അങ്ങേയറ്റത്തെ വിശ്വാസമുണ്ട്‌.നൽകിയ പരാതി,

പാർട്ടി വേണ്ട രീതിയിൽ പരിഗണിക്കുമെന്നും,ചില പുഴുക്കുത്തുകൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കും എന്നും എനിക്ക്‌ ഉറപ്പുണ്ട്‌.ഇക്കാര്യങ്ങൾ എല്ലാം പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്‌.

പി.വി.അൻവർ ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നതും നോക്കി നിൽക്കുന്ന മറ്റുള്ളവരും ചില മാധ്യമങ്ങളും ഇക്കാര്യത്തിൽ നിരാശരായേ മതിയാവൂ.ഈ പാർട്ടിയും വേറെയാണ്,ആളും വേറേയാണ്.ഞാൻ നൽകിയ പരാതികൾക്ക്‌ പരിഹാരമുണ്ടാവുമെന്ന ബോധ്യം ഇന്നെനിക്കുണ്ട്‌.ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ,ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകൻ എന്ന നിലയിൽ എന്റെ പാർട്ടി നൽകിയ നിർദ്ദേശം ശിരസ്സാൽ വഹിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.

“ഈ വിഷയത്തിൽ പരസ്യ പ്രസ്താവന ഈ നിമിഷം മുതൽ ഞാൻ താത്ക്കാലികമായി അവസാനിപ്പിക്കുകയാണ്”.എന്റെ പാർട്ടിയിൽ എനിക്ക്‌ പൂർണ്ണവിശ്വാസമുണ്ട്‌.

നീതി ലഭിക്കും എന്ന ഉറപ്പെനിക്കുണ്ട്‌.

പാർട്ടിയാണ് എല്ലാത്തിനും മുകളിൽ.

സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറ.

സഖാക്കളേ നാം മുന്നോട്ട്‌..

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.