കോട്ടയം: പുതുപ്പള്ളി പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേര് നല്‍കാനുള്ള എല്‍ഡിഎഫ് ഭരണസമിതി തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്. നടപടിയെ തുടർന്ന് പുതുപ്പള്ളി കവലയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് സംഘടിപ്പിച്ച പ്രതിഷേധം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എംഎല്‍എ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധത്തിൽ പങ്കെടുത്തു.
കമ്മ്യൂണിറ്റി ഹാളിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. 1980ല്‍ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ നിലവിലെ എല്‍ഡിഎഫ് ഭരണസമിതി പുതുക്കിപ്പണിതിരുന്നു. ഉദ്ഘാടനം കഴിഞ്ഞ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേരിടുകയായിരുന്നു. നാളെ മന്ത്രി എംബി രാജേഷ് കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കും.