കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 10.15ന് ജാമ്യാപേക്ഷയില്‍ വിധി പറയും.
ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നത്. ഇന്നലെ പ്രതിഭാഗം നടത്തിയ ശക്തമായ വാദങ്ങളെ തെളിവുകള്‍ നിരത്തി ഖണ്ഡിക്കാനായിരുന്നു ഇന്ന് വാദം ആരംഭിച്ചതുമുതല്‍ പ്രോസിക്യൂഷന്‍ ശ്രമിച്ചത്. അസാധാരണ കേസാണിതെന്നും ഇപ്പോള്‍ കോടതിയുടെ മുന്നിലുള്ള കേസ് മാത്രമല്ല പരിഗണിക്കേണ്ടതെന്നും പ്രതിയുടെ ചരിത്രം പരിശോധിക്കണമെന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ (ഡി ജി പി) കോടതിയില്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. ബൈജു പൗലോസിന് ഈ കേസിന്റെ അന്വേഷണത്തില്‍ യാതൊരു റോളുമില്ല.ബൈജു പൗലോസിന് ബാലചന്ദ്രകുമാറിനെ മുന്‍ പരിചയമില്ല. പ്രതി ക്വട്ടേഷന്‍ നല്‍കിയത് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാനാണ്. നിയമനിര്‍മ്മാതാക്കള്‍ പോലും ആലോചിക്കാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
ലഭിച്ച ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ അന്വേഷണം പ്രഖ്യാപിച്ചത്. എ ഡി ജി പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തില്‍ പ്രോസിക്യൂഷന് ഭയമില്ല. കേസ് പരാജയപ്പെടുന്നുവെന്ന പ്രതിഭാഗത്തിന്‍റെ ആരോപണം നിലനില്‍ക്കില്ല.ഗൂഢാലോചനയ്ക്ക് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ബാലചന്ദ്രകുമാര്‍ വിശ്വസ്തനായ ഒരു സാക്ഷിയാണ്. അതുകൊണ്ടുതന്നെ കൊലപാതക ഗൂഢാലോചനയും തുടര്‍നടപടികളും ഉണ്ടായി എന്ന് വിശ്വസിക്കാം എന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ പറഞ്ഞു.
കേസിനെക്കുറിച്ച് എന്തെങ്കിലും എഴുതി നല്‍കണമെങ്കില്‍ നാളെ രാവിലെ നല്‍കണമെന്നും കോടതി പ്രതിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.