ജയ്പൂർ: ട്രെയിൻ അപകടങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനത്തിന്റെ നവീകരിച്ച രൂപം കവച് 4.O ഇന്ത്യയിലാദ്യമായി രാജസ്ഥാനിലെ സവായ് മധോപുരിൽ. റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. സവായ് മധോപൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്ദർഗഡ് റെയിൽവേ സ്റ്റേഷനിലേക്ക് 45 മിനിറ്റ് യാത്ര ചെയ്താണ് മന്ത്രി പുതിയ കവച് സംവിധാനം പരിശോധിച്ചത്. ലോക്കോമോട്ടീവ് പൈലറ്റിന്റെ യാതൊരു ഇടപെടലും കൂടാതെ റെഡ് സിഗ്നലുകളിൽ ട്രെയിനിനെ സ്വയം നിർത്താൻ കഴിയുമോ എന്നത് വിലയിരുത്തുകയായിരുന്നു ലക്ഷ്യം.
ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം (എടിപി) എന്നും കവച് സംവിധാനം അറിയപ്പെടുന്നു. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) വികസിപ്പിച്ചെടുത്തതാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2016ലാണ് ആദ്യ പരീക്ഷണം നടത്തിയത്. അടിയന്തര സാഹചര്യങ്ങളിൽ ട്രെയിൻ ഓപ്പറേറ്റർക്ക് കൃത്യസമയത്ത് പ്രതികരിക്കാൻ കഴിയാതെ വരുമ്പോൾ, ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രയോഗിച്ച് സുരക്ഷ വർദ്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. റെയിൽവേ ശൃംഖലയിലുടനീളം ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് ശ്രമം.
3,000 കിലോമീറ്റർ മുംബൈ – ഡൽഹി, ഡൽഹി – കൊൽക്കത്ത റെയിൽ ഇടനാഴികളിൽ അടുത്ത വർഷം മാർച്ചിൽ കവച് സംവിധാനം പൂർത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കവച് സംവിധാനത്തിന്റെ ഏറ്റവും നവീകരിച്ച രൂപം 4.0, ഈ വർഷം ജൂലൈ 17നാണ് ആർഡിഎസ്ഒയുടെ അംഗീകാരം നേടിയത്.
ട്രെയിനുകൾക്ക് നേരെ അടുത്തിടെയുണ്ടായ കല്ലേറുകളെ തുടർന്ന് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് റെയിൽവേ മന്ത്രി മറുപടി നൽകി. ഇത്തരം പ്രവൃത്തികൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന ഡിജിപിമാരുമായും ആഭ്യന്തര സെക്രട്ടറിമാരുമായും റെയിൽവെ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നിരന്തരം ചർച്ച നടത്തുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വിശദീകരിച്ചു. സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന് സംസ്ഥാന പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.