ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതായുള്ള പരാതിയിൽ കണ്ടക്ടറെ സസ്‌പെന്റ് ചെയ്ത് കെ.എസ്.ആർ.ടി.സി. ചങ്ങനാശേരി ഡിപ്പോയിലെ നടവയൽ സർവീസിലെ കണ്ടക്ടർ നസീമിനെയാണ്് കെ.എസ്.ആർ.ടി.സി സസ്‌പെന്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി വിജിലൻസ് അധികൃതരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സെപ്റ്റംബർ 20 ന് ചങ്ങനാശേരിയിൽ നിന്നും നടവയലിന് പോകുന്ന കെ.എസ്.ആർ.ടി.സി ബസിലായിരുന്നു സംഭവം ഉണ്ടായത്. ബസ് കണ്ടക്ടർ യാത്രക്കാരിയായ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. വനിതാ ഡോക്ടർ അന്ന് തന്നെ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റ് അന്വേഷണം നടത്തി. കെ.എസ്.ആർ.ടി.സി വിജിലൻസ് ആണ് അന്വേഷണം നടത്തിയത്. തുടർന്ന്, വിജിലൻസ്് സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് നടപടിയെടുത്തിരിക്കുന്നത്. എന്നാൽ, പരാതി വ്യാജമാണെന്ന നിലപാടിലാണ് കണ്ടക്ടർ. വ്യക്തി വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരാതി നൽകിയതെന്നും കണ്ടക്ടർ പറയുന്നു.