വണ്ടൻപതാൽ വരിക്കാനി മേഖലയില്‍ വന്യമൃഗശല്യം വർധിക്കുന്നു; തലയില്‍ കുടുങ്ങിയ പാത്രവുമായി കുറുക്കൻ പിടിയിൽ

വണ്ടൻപതാൽ: പഞ്ചായത്തിന്‍റെ ജനവാസ മേഖലയില്‍ വന്യമൃഗശല്യം വർധിക്കുന്നു. ബുധനാഴ്ച രാത്രി ഏഴോടെ തലയില്‍ കുടുങ്ങിയ പാത്രവുമായി കുറുക്കൻ വരിക്കാനി മസ്ജിദിന്‍റെ സമീപത്തെ മുറിയില്‍ കയറി. ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചതിനെത്തുടർന്ന് വണ്ടൻപതാലില്‍ നിന്നു വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കുറുക്കനെ പിടികൂടി വാഹനത്തില്‍ കൊണ്ടുപോയി. 

Advertisements

നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാർക്കുന്ന വരിക്കാനി മേഖലയില്‍ കുറുക്കന്‍റെയും കാട്ടുപന്നിയുടെയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നിയുടെ ശല്യം ജനവാസ മേഖലയിലുണ്ട്. ഓരോ ദിവസവും കൃഷി വ്യാപകമായാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വന്യമൃഗങ്ങളില്‍നിന്നു രക്ഷ നേടാൻ കർഷകർ പ്ലാസ്റ്റിക്കും വലയും ഉപയോഗിച്ച്‌ കൃഷിയിടത്തിന് സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും ഇതെല്ലാം തകർത്താണ് കാട്ടുപന്നിക്കൂട്ടം കൃഷികള്‍ നശിപ്പിക്കുന്നത്. മുൻപ് വനാതിർത്തി മേഖലയിലായിരുന്നു വന്യമൃഗ ശല്യമെങ്കില്‍ ഇപ്പോള്‍ പട്ടണനടുവില്‍വരെ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. 

അപകടകാരികളായ കാട്ടുപന്നികളെ പിടികൂടാൻ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെങ്കിലും വനം വകുപ്പ് ആവശ്യപ്പെടുന്ന നിയമ നടപടികള്‍ പൂർത്തീകരിച്ച്‌ ഇത് സാധ്യമാകാത്തതുമൂലം ഒരു പഞ്ചായത്തും ഇതിനു മുതിരാറില്ല. തോക്കിന് ലൈസൻസുള്ള വ്യക്തികള്‍ക്ക് മാത്രമാണ് പഞ്ചായത്ത്‌, വനംവകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ കാട്ടുപന്നികളെ വെടിവയ്ക്കാൻ അധികാരമുള്ളത്. 

എന്നാല്‍ ഇങ്ങനെ കാട്ടുപന്നികളെ പിടികൂടുന്ന വ്യക്തികള്‍ പിന്നീട് വനംവകുപ്പിന്‍റെ നോട്ടപ്പുള്ളികളായി മാറുന്നതായും ആക്ഷേപമുണ്ട്. കോരുത്തോട് പഞ്ചായത്ത് മാത്രമാണ് സമീപ പഞ്ചായത്തുകളില്‍ ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തയാറായത്.

Hot Topics

Related Articles