കോട്ടയം: കടുവാക്കുളത്ത് മോഷണം പോയ പശുവിനെ കശാപ്പ് ചെയ്തതായി കണ്ടെത്തി. ഗർഭിണിയായ പശുവിനെയാണ് ഇയാൾ കശാപ്പ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയുടെ പശുവിനെ മോഷ്ടിച്ച പ്രതിയും കശാപ്പുകാരനും ചേർന്ന് ഇറച്ചിയാക്കി വിറ്റതായി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പാക്കിൽ സ്വദേശിയായ അറവുകാരനെ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പാക്കിൽ കൈതയിൽ വീട്ടിൽ റിജോ റെജി(24)യെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പാക്കിൽ കവലയിൽ ഇറച്ചിക്കട നടത്തുകയാണ്. ഇവരുടെ വീട്ടിൽ പശുവിനെ കറക്കാൻ എത്തിയിരുന്ന തമിഴ്നാട് തേനി പെരിയകുളം കൃഷ്ണകോവിൽ തെരുവിൽ സതീഷ് കുമാറിനെ (24) പശുവിനെ മോഷ്ടിച്ച കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ക്ഷീര കർഷകയായ പൂവൻതുരുത്ത് മാങ്ങയ്ക്കരിയിൽ പരേതനായ വിമുക്ത ഭടൻ വിജയകുമാറിന്റെ ഭാര്യ പ്രിയ വിജയകുമാറിന്റെ പശുവിനെ പ്രതികൾ മോഷ്ടിച്ച് കശാപ്പ് ചെയ്തത്. 65000 രൂപയോളം വില വരുന്ന പശുവിനെ സതീഷ്, 20000 രൂപയ്ക്കാണ് റിജോയ്ക്കു വിറ്റത്. തുടർന്ന് റിജോ പാക്കിൽ കവലയിലെ ഇറച്ചിക്കടയിൽ ബീഫിനൊപ്പം പശു ഇറച്ചിയും വിൽപ്പന നടത്തുകയായിരുന്നു. പശുവിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വീട്ടമ്മ പരാതി നൽകിയതോടെ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ്, പശുവിനെ മോഷ്ടിച്ച പ്രതിയെ പൊലീസ് കണ്ടെത്തിയത്. രണ്ട് പ്രതികളെയും അറസ്റ്റ് ചെയത്് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.