കോട്ടയം: വൈക്കത്തു നിന്നും കാണാതായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനും വൈക്കം ഉപവിദ്യാഭ്യാസ ഓഫിസറുടെ ചുമതല വഹിച്ചിരുന്ന ആളുമായ വൈക്കം ഉപ വിദ്യാഭ്യാസ വകുപ്പ് ഓഫിസിലെ സീനിയർ സൂപ്രണ്ട് ശ്യാം കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം അക്കരപ്പാടത്ത് മൂവാറ്റുപുഴയാറ്റിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇദ്ദേഹത്തെ വീട്ടിൽ നിന്നും കാണാതായത്. അമിത ജോലി സമ്മർദത്തെ തുടർന്നാണ് ഇദ്ദേഹം വീടു വിട്ടു പോയതെന്നായിരുന്നു വിവരം. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണി മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്നു കാട്ടി ഭാര്യ വൈക്കം പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വൈക്കം അക്കരപ്പാടത്ത് മൂവാറ്റുപുഴയാറ്റിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.