തിരുനക്കര: പടിഞ്ഞാറേനട ഭക്തജന സമിതിയുടെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്നു മുതൽ 13 വരെ നടക്കും. തിരുനക്കര ജവഹർ ബാലഭവന് സമീപം ചിൽഡ്രൻസ് ലൈബ്രറി പാർക്കിലെ ശ്രുതി ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിലാണ് ആഘോഷങ്ങൾ നടക്കുക. ഒക്ടോബർ മൂന്ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വൈക്കം രാജാംബാൾ ഭദ്രദീപം തെളിയിക്കും. 5.15 ന് ലളിതാസഹസ്രനാമ പാരായണം. 5.45 ന് താംബൂല വിതരണം ഹോട്ടൽ ആനന്ദിലെ സരോജ സുബ്ബയ്യ ഉദ്ഘാടനം ചെയ്യും. ലക്ഷ്മി സിൽക്ക്‌സിലെ ശ്രീലത രാജേഷ് താംബൂലം സ്വീകരിക്കും. വൈകിട്ട് ആറിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആർ.ശങ്കർ അധ്യക്ഷത വഹിക്കും. ഏറ്റുമാനൂരപ്പൻ കോളേജിലെ അസോ.പ്രഫ.സരിത അയ്യർ മുഖ്യപ്രഭാഷണം നടത്തും. അഡ്വ.കെ.സുരേഷ് കുറുപ്പ്, കേരള ബ്രാഹ്മണ സഭ കോട്ടയം ജില്ലാ സെക്രട്ടറി എസ്.ശങ്കർ , പടിഞ്ഞാറേ നട ഭക്തജന സമിതി സ്ഥാപക പ്രസിഡന്റ് ആർ.എസ് മണി എന്നിവർ പ്രസംഗിക്കും. തുടർന്ന് വൈക്കം രാജാംബാളിന്റെയും, ഡോ.നിരഞ്ജന വിശ്വനാഥിന്റെയും സംഗീതാരാധന നടക്കും.
നാളെ ഒക്ടോബർ നാല് വെള്ളിയാഴ്ച വൈകിട്ട് ആറിന് നവരാത്രി മണ്ഡപത്തിൽ കലാപരിപാടികൾക്ക് മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി.കെ പ്രകാശ് ഭദ്രദീപം തെളിയിക്കും. വൈകിട്ട് ആറരയ്ക്ക് ഗുരുവായൂർ ഭജന മണ്ഡലിയുടെ സമ്പ്രദായ ഭജൻ നടക്കും. ഒക്ടോബർ അഞ്ച് ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് കേരള കൗമുദി കറസ്‌പോണ്ടന്റും ചിൽഡ്രൻസ് ലൈബ്രറി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വി.ജയകുമാർ ഭദ്രദീപം തെളിയിക്കും. തുടർന്ന് മാതംഗി സ്‌കൂൾ ഓഫ് മ്യൂസിക്കിന്റെ സംഗീത സമന്വയം അരങ്ങേറും.