പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കും ഭീഷണി : ഇറാനും ഇസ്രയേലും നേർക്കുനേർ

ഡമാസ്‌കസ് : പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി വ്യാപിക്കുമെന്ന സൂചന നല്‍കി ഇസ്രയേലും ഇറാന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധത്തിന്റെ അച്ചുതണ്ടും തമ്മിലുള്ള സംഘര്‍ഷം വ്യാപിക്കുന്നു. ഇറാന്റെ മിസൈല്‍ വര്‍ഷത്തിന് പിന്നാലെ ലെബനനിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ജീവഹാനി. ഹിസ്ബുള്ളയുമായി നടത്തുന്ന കരയുദ്ധത്തില്‍ 8 ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണിത്. ലെബനനില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇസ്രയേല്‍ നേരിടുന്ന ഏറ്റവും വലിയ ആള്‍നാശമാണിത്. അതേസമയം, ഏറ്റവും വലിയ എണ്ണയുത്പാദക രാജ്യമായ ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം വ്യാപിക്കുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നും വിലയിരുത്തലുണ്ട്. 

Advertisements

കഴിഞ്ഞ ദിവസം ഇറാന്‍ നടത്തിയ മിസൈലാക്രമണം തടയുന്നതില്‍ ഇസ്രയേലിന്റെ പേരുകേട്ട വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോം പരാജയപ്പെട്ടോ എന്നാണ് ഇപ്പോള്‍ ലോകം ചോദിക്കുന്നത്. ഇസ്രയേലിലെ പല സ്ഥലങ്ങളിലും ഇറാന്റെ മിസൈലുകള്‍ പതിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇറാന്റെ മിസൈലുകളെല്ലാം ലക്ഷ്യത്തിലെത്തുന്നതിന് മുമ്ബ് തന്നെ തകര്‍ത്തുവെന്നും അവശിഷ്ടങ്ങളാണ് ഭൂമിയില്‍ പതിച്ചതെന്നുമാണ് ഇസ്രയേല്‍ വിശദീകരണം. ആക്രമണത്തില്‍ ആര്‍ക്കും ആള്‍നാശമുണ്ടായില്ലെന്നും ഇസ്രയേല്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇസ്രയേലിന്റെ നെവാറ്റിം മിലിട്ടറി എയര്‍ബേസില്‍ ഇറാന്റെ ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായെന്ന് എ.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എഫ് 35 വിമാനങ്ങള്‍ സൂക്ഷിക്കുന്ന സൈനിക കേന്ദ്രമാണിത്. ഇസ്രയേലി സൈന്യത്തെ കബളിപ്പിച്ച്‌ ഡോണാക്രമണം നടത്തിയെന്ന് യെമനിലെ ഹൂതി വിഭാഗവും അവകാശപ്പെട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇറാന്റെ മിസൈല്‍ ആക്രമണത്തിന് ശക്തമായ രീതിയില്‍ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ചു. എന്നാല്‍ താത്കാലികമായി ആക്രമണം അവസാനിപ്പിക്കുകയാണെന്നും ഇനിയും പ്രകോപനം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നുമാണ് ഇറാന്റെ മറുപടി. ഇസ്രയേലുമായി പൂര്‍ണ തോതിലുള്ള യുദ്ധത്തിന് ഇറാന് താത്പര്യമില്ലെന്നും ഹമാസ്, ഹിസ്ബുള്ള നേതാക്കളെ അടക്കം വധിച്ചതിന് മറുപടി നല്‍കുക മാത്രമാണ് ഉദ്ദേശിച്ചതെന്നുമാണ് വിലയിരുത്തല്‍. ഹിസ്ബുള്ളയെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നിന്നും ഇസ്രയേലിനെ പിന്മാറ്റാനും ഇറാന്‍ ലക്ഷ്യമിടുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതിനിടെ ഇസ്രയേലിനെതിരെ കൂടുതല്‍ അറബ് രാജ്യങ്ങളുടെ പിന്തുണ തേടി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഖത്തറിലെത്തി.ദോഹയില്‍ നടക്കുന്ന ഏഷ്യ കോ-ഓപ്പറേഷന്‍ ഡയലോഗ് സമ്മിറ്റിനെത്തിയ അദ്ദേഹം ഖത്തര്‍ ഭരണാധികാരി ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ചര്‍ച്ചയും നടത്തി. പശ്ചിമേഷ്യയില്‍ നടക്കുന്നത് വംശഹത്യ (Genocide) ആണെന്ന് ഖത്തര്‍ ഭരണാധികാരി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഗാസ മുനമ്ബിനെ മനുഷ്യന് ജീവിക്കാന്‍ കഴിയാത്ത വിധത്തിലാക്കി. ജനങ്ങളെ അവിടെ നിന്നും ഒഴിഞ്ഞുപോകാന്‍ പ്രേരിപ്പിക്കുകയാണ്. ലെബനനില്‍ നടക്കുന്ന വ്യോമാക്രമണം അപലപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗസയില്‍ വംശഹത്യ നടത്തുകയാണെന്ന ആരോപണം ഇസ്രയേല്‍ നിഷേധിച്ചു. 

ഇറാനും ഇസ്രയേലും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. യുദ്ധഭീഷണിയെ തുടര്‍ന്ന് ലോകവിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഇന്ന് ബാരലിന് 75 ഡോളറിലേക്കെത്തി. മിസൈലാക്രമണത്തിന് പ്രതികാരമായി ഇറാനിലെ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പാണ് വില വര്‍ധിക്കാന്‍ ഇടയാക്കിയത്. ഇത് ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെ സാരമായി ബാധിക്കാനിടയുണ്ട്. 

പശ്ചിമേഷ്യയിലെ പ്രതിസന്ധി തുടര്‍ന്നാല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്നും മറ്റ് വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്. യുദ്ധ സമയങ്ങളില്‍ നിക്ഷേപകര്‍ സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ സ്വര്‍ണത്തെ തിരഞ്ഞെടുക്കുന്നതും തിരിച്ചടിയാണ്. ഇന്നത്തെ ഓഹരി വിപണിയിലെ തകര്‍ച്ച ഇതിന് തെളിവാണെന്നും വിദഗ്ധര്‍ പറയുന്നു. നിലവില്‍ ഒരുലക്ഷം കോടി രൂപയിലധികമാണ് ഇന്ത്യയിലെ വിദേശ നിക്ഷേപം. യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചാല്‍ ഇതില്‍ വലിയൊരു ശതമാനം നിക്ഷേപം പിന്‍വലിക്കാനും സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് നിക്ഷേപിക്കാനും സാധ്യതയുണ്ട്. ഇത് ഇന്ത്യന്‍ ഓഹരി വിപണിയെ കാര്യമായി സ്വാധീനിക്കാന്‍ ഇടയുണ്ട്. 

സുരക്ഷിത രൂപമെന്ന നിലയില്‍ വിദേശനിക്ഷേപകര്‍ സ്വര്‍ണത്തെ പരിഗണിച്ചതോടെ ആഗോള വിപണിയില്‍ സ്വര്‍ണ വിലയിലും കാര്യമായ വര്‍ധനയുണ്ടായി. ഡോളറിനെ ആശ്രയിക്കുന്നത് മാറി സ്വര്‍ണത്തിലേക്ക് കേന്ദ്രബാങ്കുകള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്, വിപണിയിലെ ശക്തമായ ഡിമാന്‍ഡ്, യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ കുറച്ചത് തുടങ്ങിയ കാര്യങ്ങള്‍ മൂലം സ്വര്‍ണ വില ഇപ്പോള്‍ സര്‍വകാല റെക്കോര്‍ഡിലാണ്. സ്വര്‍ണ വില അടുത്ത സെപ്റ്റംബറില്‍ ഔണ്‍സിന് 2,900 കടക്കുമെന്നാണ് പ്രവചനം. നിലവില്‍ ഇത് ഔണ്‍സിന് 2,656.02 രൂപയാണ്. 

ഗാസ യുദ്ധം തുടങ്ങിയതിന് ശേഷം യെമനിലെ ഹൂതി വിമത വിഭാഗം ചെങ്കടലിലൂടെ പോകുന്ന ഇസ്രയേലി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടരുകയാണ്. നവംബറിന് ശേഷം ചെങ്കടലിലൂടെ പോയ 100 കപ്പലുകളെ ഹൂതികള്‍ ആക്രമിച്ചെന്നാണ് കണക്ക്. ഇതില്‍ രണ്ടെണ്ണം കടലില്‍ മുക്കുകയും ഒരെണ്ണം പിടിച്ചെടുക്കുകയും നാല് നാവികരെ വധിക്കുകയും ചെയ്തു.

Hot Topics

Related Articles