തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എഡിജിപി എം ആര് അജിത് കുമാറിനെതിരെ നടപടി. അജിത് കുമാരിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. ബറ്റാലിയന് ചുമതല മാത്രമാണ് അജിത് കുമാറിനുള്ളത്. നേരത്തെ ക്രമസമാധാന ചുമതലയ്ക്ക് ഒപ്പം ബറ്റാലിയന് ചുമതലയും അജിത് കുമാറിന് ഉണ്ടായിരുന്നു.ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് നടപടി. ആരോപണം വന്ന് 36-ാം ദിനമാണ് അജിത് കുമാറിനെതിരെ നടപടിയുണ്ടാകുന്നത്. അജിത് കുമാറിന് പകരം ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല.കഴിഞ്ഞ ദിവസമാണ് ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. അഭ്യന്തര സെക്രട്ടറിക്കായിരുന്നു റിപ്പോര്‍ട്ട് കൈമാറിയത്. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഗുരുതര വീഴ്ചയായി കാണുന്നുവെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്. കൂടിക്കാഴ്ച വ്യക്തിപരമായ ആവശ്യമാണെന്ന അജിത് കുമാറിന്റെ വാദവും ഡിജിപി തള്ളി. എഡിജിപിയുടേത് രഹസ്യ കൂടിക്കാഴ്ചയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.എഡിജിപി എം ആർ അജിത് കുമാർ രണ്ട് പ്രമുഖ ആർഎസ്എസ് നേതാക്കളുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദർശനം ആണെന്നായിരുന്നു വിശദീകരണം. ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി എം ആർ അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് അജിത് കുമാർ ആർഎസ്എസ് നേതാവ് രാംമാധവിനെയും കണ്ടുവെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നത്. തിരുവനന്തപുരം കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച്ച. രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തിയെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ടായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും അജിത് കുമാർ സജീവമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.