കോട്ടയം കാഞ്ഞിരപ്പള്ളിയിൽ യുവാക്കളെ വീട് കയറി ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ : പിടിയിലായത് മുണ്ടക്കയം ഇടുക്കി പെരുവന്താനം എരുമേലി സ്വദേശികൾ

കാഞ്ഞിരപ്പള്ളി: കോളേജ് വിദ്യാർഥികളായ യുവാക്കളെ വീട് കയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടൻപതാൽ ഭാഗത്ത് പാലൂർ പറമ്പിൽ വീട്ടിൽ അമീൻ സിറാജ് (24), ഇടുക്കി കൊക്കയർ ഭാഗത്ത് കൊച്ചു തുണ്ടിയിൽ വീട്ടിൽ മച്ചാൻ എന്ന് വിളിക്കുന്ന അനന്തു പ്രസീത് (25), പെരുവന്താനം പാലൂർകാവ് കങ്കാണിപ്പാലം ഭാഗത്ത് ഓലിക്കൽ വീട്ടിൽ എബിൻ മാത്യു (28), എരുമേലി വണ്ടൻപതാൽ ഭാഗത്ത് മരുതോലിൽ വീട്ടിൽ സാൽവിൻ മാത്യു (26) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 29 ആം തീയതി രാത്രി 10:15 മണിയോടുകൂടി വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന പാറത്തോട് ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും,കമ്പിവടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എബിൻ മാത്യുവിനെ കഴിഞ്ഞദിവസം പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന മറ്റുള്ളവരെ ബാംഗ്ലൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിടികൂടുന്നത്. അമീൻ സിറാജിനെ രക്ഷപ്പെടാനും, ഒളിവിൽ കഴിയാനും സഹായിച്ച കുറ്റത്തിനാണ് സാൽവിൻ മാത്യുവിനെ അറസ്റ്റ് ചെയ്തത്. അമീൻ സിറാജിനും, എബിൻ മാത്യുവിനും മുണ്ടക്കയം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles