കോട്ടയം: നഗരസഭയിലെ മൂന്നു കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പിനെ തുടർന്ന് പെൻഷൻകാർക്ക് രണ്ടു മാസമായി പെൻഷൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചു കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ പെൻഷനേഴ്സ് അസോസിയേഷൻ മുനിസിപ്പൽ കണ്ടിജന്റ് വർക്കേഴ്സ് പെൻഷനേഴ്സ് കോൺഗ്രസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം നഗരസഭയിൽ ധർണ നടത്തി. ധർണ കോട്ടയം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ നഗരസഭ ചെയർമാനുമായ എം.പി സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. പണാപഹരണം നടത്തിയ ജീവനക്കാരനെ സസ്പെന്റ് ചെയ്തതൊഴിച്ചാൽ രണ്ടു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇത് കൂടാതെ പ്രതിയായ തട്ടിപ്പുകാരനെ ഇനിയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. എന്നാൽ, പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനു പകരം നഗരസഭ കൗൺസിലിനെ അപകീർത്തിപ്പെടുത്താനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ അംഗം സാബു മാത്യു, കണ്ടിജന്റ് പെൻഷനേഴ്സ് കോൺഗ്രസ് ട്രഷറർ വി.എം മണി, എം.ജോസഫ് മാത്യു, എൻ.സി അന്നമ്മ എന്നിവർ ധർണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. പെൻഷനേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എസ്.ഇ മുഹമ്മദ് കാസിം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ധർണയ്ക്ക് ജില്ലാ സെക്രട്ടറി സാബു ജോസഫ് സ്വാഗതവും ട്രഷറർ പി.വി വർഗീസ് നന്ദിയും പറഞ്ഞു.