ആറടിച്ച് ആറാടി റെഡ്ഡി..! ബംഗ്ലാദേശിനെ തല്ലിത്തകർത്ത് തരിപ്പണപണമാക്കി യുവ ഇന്ത്യ; പരമ്പര ടീം ഇന്ത്യയ്ക്ക്

ന്യൂഡൽഹി: വെടിക്കെട്ടടിയുമായി കളത്തിൽ നിറഞ്ഞ ഇന്ത്യൻ ബാറ്റർമാർക്ക് മറുപടി നൽകാൻ ബംഗ്ലാ നിരയിൽ ആരുമുണ്ടായിരുന്നില്ല. ഇന്ത്യൻ ബാറ്റർമാരുടെ വെടിക്കെട്ടിന് പിന്നാലെ ബൗളർമാരുടെ കൃത്യതകൂടി ചേർന്നതോടെ രണ്ടാം ട്വന്റി 20യിലും ബംഗ്ലാദേശിന് വൻ തോൽവി. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ബംഗ്ലാ ക്യാപ്റ്റന്റെ തീരുമാനം ശരിവച്ച് ബൗളർമാർ ആദ്യ ഓവറുകളിൽ തിളങ്ങി. 25 റൺ സ്‌കോർ ബോർഡിൽ തെളിഞ്ഞപ്പോഴേയ്ക്കും സഞ്ജുവും (ഏഴു പന്തിൽ 10), അഭിഷേക് ശർമ്മയും (11 പന്തിൽ 15) തിരികെ എത്തി.

Advertisements

41 ൽ സൂര്യയും (10 പന്തിൽ 8) വീണതോടെ ബംഗ്ലാ ബൗളർമാരുടെ ചിരിയായി കളത്തിൽ. എന്നാൽ, രണ്ടാം രാജ്യാന്തര ട്വന്റി 20യിൽ ഇറങ്ങിയ നിതീഷ്‌കുമാർ റെഡിയും , റിങ്കു സിങും ചേർന്ന് വന്യമായ ആക്രമണം അഴിച്ചു വിട്ടതോടെ ബംഗ്ലാ ബൗളർമാർക്ക് നില നഷ്ടമായി. ഏഴു സിക്‌സും നാലു ഫോറും പറത്തി 34 പന്തിലാണ് നിതീഷ് കുമാർ റെഡ്ഡി 74 റൺ അടിച്ചു കൂട്ടിയത്. 41 ന് മൂന്ന് എന്ന നിലയിൽ ക്രീസിൽ എത്തിയ നിതീഷ് കളത്തിൽ നിന്നു പുറത്തേയ്ക്കു നടക്കുമ്പോൾ ഇന്ത്യയുടെ സ്‌കോർ 149 ൽ എത്തിയിരുന്നു. നിതീഷ് പുറത്താകും വരെ കരുതിക്കളിച്ച റിങ്കു, നിതീഷ് കളം വിട്ടതോടെ കളി കയ്യിലെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

29 പന്തിൽ മൂന്നു സിക്‌സും അഞ്ചു ഫോറും പറത്തിയ റിങ്കു 53 റണ്ണാണ് ടീമിന് സംഭാവന നൽകിയത്. റിങ്കു പോയതിന് പിന്നാലെ കളത്തിൽ എത്തിയ പാണ്ഡ്യ രണ്ടു സിക്‌സും ഫോറും അതിവേഗം പറത്തി 19 പന്തിൽ 32 റണ്ണെടുത്ത് മടങ്ങി. അവസാന ഓവറിൽ ചറ പറ വിക്കറ്റ് വീണതോടെയാണ് 250 കടക്കേണ്ട ഇന്ത്യയുടെ സ്‌കോർ 221 ൽ ഒതുങ്ങിയത്. റിയാൻ പരാഗ് (15), വരുൺ ചക്രവർത്തി (0), അർഷദീപ് സിംങ് (6) എന്നിവരാണ് അവസാന ഓവറിൽ ഹാർദിക്കിനെ കൂടാതെ അവസാന ഓവറുകളിൽ പുറത്തായത്. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഖാൻ മൂന്നും, ടസ്‌കിൻ അഹമ്മദ്, മുസ്തിഫുർ റഹിം, റിഷാദ് ഹൊസൈൻ എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംങ് ആരംഭിച്ച ബംഗ്ലാദേശ് അമിത ശ്രദ്ധയാണ് ബാറ്റിംങിൽ ചെലുത്തിയത്. 20 ൽ പർവേസിനെ (16) ക്ലീൻ ബൗൾഡ് ചെയ്ത് അർഷദീപ് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി. പിന്നാലെ എത്തിയ സ്പിന്നർ വാഷിംങ്ടൺ സുന്ദർ ക്യാപ്റ്റൻ നജ്മൽ ഹൊസൈൻ ഷാന്റോയെ (11) പാണ്ഡ്യയുടെ കയ്യിൽ എത്തിച്ചു. ലിറ്റൺ ദാസിനെ (14) വരുൺ ചക്രവർത്തി ക്ലീൻ ബൗൾഡ് ചെയ്തു. 46 ൽ തൗഹിദ് ഹൃദ്രോയിയെ (2) അഭിഷേക് ശർമ്മയും ക്ലീൻ ബൗൾഡാക്കി. 80 ൽ മെഹ്ദി ഹസനെ (16) പരാഗും, 83 ൽ ജാക്കർ അലിയെ മായങ്ക് യാദവും പുറത്താക്കി. 93 ൽ ഏഴാം വിക്കറ്റായി റിഷാദ് ഹൊസൈനെ (9) വരുൺ ചക്രവർത്തി പുറത്താക്കിയതോടെ ബംഗ്ലാദേശ് നൂറ് കടക്കുമോ എന്നറിയാനായി ആകാംഷ.

എന്നാൽ, തൻസിം ഹസൻ സക്കീബും (8) മുഹമ്മദുള്ളയും (41) പ്രതിരോധിച്ച് നൂറ് കടത്തി. 127 ൽ ഒൻപതാമനായി മുഹമ്മദുള്ള കൂടി പുറത്തായതോടെ മുസ്തിഫിക്കർ റഹിമും (1), ടസ്‌കിൻ അഹമ്മദും (5) ക്രീസിൽ നിന്ന് 20 ഓവർ പൂർത്തിയാക്കി. ഇന്ത്യയ്ക്ക് വേണ്ടി എറിഞ്ഞ എല്ലാ ബൗളർമാരും വിക്കറ്റ് നേടി. നിതീഷ് കുമാർ റെഡിയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ അർഷദീപ്, വാഷിംങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, അഭിഷേക് ശർമ്മ, മായങ്ക് യാദവ്, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 20 ഓവറിൽ 135 റൺ മാത്രമാണ് ബംഗ്ലാദേശിന് എടുക്കാൻ സാധിച്ചത്. ഇന്ത്യയ്ക്ക് 86 റണ്ണിന്റെ വമ്പൻ വിജയമാണ് ലഭിച്ചത്. റൺ അടിസ്ഥാനത്തിൽ ബംഗ്ലാദേശിന് എതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിജയം ആണ് ഇത്.

Hot Topics

Related Articles