മകന്റെ ക്രിക്കറ്റ് കരിയറിന് വേണ്ടി ജോലി ഉപേക്ഷിച്ച പിതാവ്; സധൈര്യം പന്തിനെ അടിച്ചു പറത്തുന്ന ഹാർഡ് ഹിറ്റർ; ഹാർദിക്കിന് പകരക്കാരനെ ഇന്ത്യൻ ടീം കണ്ടെത്തിയോ..? ബംഗ്ലാദേശിന് എതിരായ പരമ്പരയിലെ പുതിയ താരോദയം ഈ ഓൾറൗണ്ടർ

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യ 86 റൺസിന്റെ വിജയം നേടിയത് യുവതാരം നിതീഷ് കുമാർ റെഡ്ഡിയുടെ ഓൾറൗണ്ടർ മികവിലാണ്. ബാറ്റിങ്ങിൽ 34 പന്തിൽ ഏഴ് സിക്സും നാല് ഫോറും സഹിതം 74 റൺസ് നേടിയ നിതീഷ് കുമാർ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി ബൗളിങ്ങിലും തിളങ്ങി. നിതീഷ് തന്നെയാണ് കളിയിലെ താരവും.
ഹാർദിക് പാണ്ഡ്യയെ പോലെ ഒരു ഓൾറൗണ്ടറെ ഇന്ത്യ തേടാൻ തുടങ്ങിയിട്ട് കാലം കുറേയായി. അതിനുള്ള ഉത്തരമാണ് നിതീഷ് കുമാർ റെഡ്ഡിയെന്നാണ് ക്രിക്കറ്റ് ആരാധകർ ഇപ്പോൾ വിലയിരുത്തുന്നത്. അതിവേഗം പരുക്കിന്റെ പിടിയിലാകാൻ സാധ്യതയുള്ള ഹാർദിക്കിനു ബാക്കപ്പ് ആയി നിതീഷിനെ പോലൊരു താരം ഉണ്ടെങ്കിൽ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് ആരാധകർ വിലയിരുത്തുന്നത്. മാത്രമല്ല വെറും 21 വയസ് മാത്രമാണ് നിതീഷിന്റെ പ്രായം. അതിനാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിയിലേക്കുള്ള മുതൽക്കൂട്ടാകാനും നിതീഷിനു സാധിക്കും.

Advertisements

2003 മേയ് 26 ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് നിതീഷ് ജനിച്ചത്. അഞ്ചാം വയസിൽ പ്ലാസ്റ്റിക് ബാറ്റ് കൊണ്ട് ക്രിക്കറ്റ് കളിച്ചു തുടങ്ങിയതാണ്. കുട്ടിക്കാലത്തെ കളിപ്രാന്ത് കണ്ട് മകനെ പ്രോത്സാഹിപ്പിച്ചത് അച്ഛൻ മുത്യാല റെഡ്ഡിയാണ്. ചെറുപ്പത്തിൽ തന്നെ മകനെ ക്രിക്കറ്റ് പരിശീലനത്തിനു അയക്കാൻ മുത്യാല റെഡ്ഡി സന്നദ്ധനായിരുന്നു. നിതീഷിനു 13 വയസ് പ്രായമുള്ളപ്പോൾ ആണ് മുത്യാല റെഡ്ഡിക്ക് വിശാഖപട്ടണത്തു നിന്ന് ജോലിമാറ്റം ലഭിക്കുന്നത്. മകന്റെ ക്രിക്കറ്റ് കരിയർ മെച്ചപ്പെടാൻ വിശാഖപട്ടണത്ത് തുടരുന്നതാണ് നല്ലതെന്ന് മനസിലാക്കിയ മുത്യാല റെഡ്ഡി രാജസ്ഥാനിലേക്ക് ലഭിച്ച ജോലിമാറ്റം സ്വീകരിച്ചില്ല, മകനു വേണ്ടി ജോലി തന്നെ രാജിവെച്ചു. ബന്ധുക്കളെല്ലാം തന്റെ അച്ഛന്റെ തീരുമാനത്തെ അന്ന് ചോദ്യം ചെയ്തെന്നും തനിക്ക് ക്രിക്കറ്റിനോടുള്ള താൽപര്യത്തെ കുറിച്ച് മനസിലാക്കുകയും തന്നിൽ വിശ്വാസമർപ്പിക്കുകയും ചെയ്ത ആദ്യ വ്യക്തി അച്ഛനാണെന്നും പിൽക്കാലത്ത് നിതീഷ് റെഡ്ഡി പറഞ്ഞിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ ഇന്ത്യൻ താരവും സെലക്ടറുമായ എം.എസ്.കെ പ്രസാദ് ആണ് നിതീഷിന്റെ കളി കണ്ട് ആന്ധ്രാപ്രദേശ് ക്രിക്കറ്റ് അസോസിയേഷനു കീഴിലുള്ള അക്കാദമിയിലേക്ക് താരത്തെ കൊണ്ടുവരുന്നത്. 2017-18 വർഷത്തെ വിജയ് മെർച്ചന്റ് ട്രോഫി ക്രിക്കറ്റിൽ 1237 റൺസും 26 വിക്കറ്റുകളുമായി നിതീഷ് അമ്ബരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു. അണ്ടർ 16 വിഭാഗത്തിലെ മികച്ച ക്രിക്കറ്റർക്കുള്ള ബിസിസിഐയുടെ ജഗ് മോഹൻ ഡാൽമിയ അവാർഡ് നിതീഷിനെ തേടിയെത്തി.

ഐപിഎല്ലിലെ പ്രകടനമാണ് നിതീഷിനു ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നത്. സൺറൈസേഴ്സ് ഹൈദരബാദ് താരമായ നിതീഷ് 2024 സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 303 റൺസും മൂന്ന് വിക്കറ്റും സ്വന്തമാക്കി. മധ്യ ഓവറുകളിൽ സ്പിന്നർമാരെ യാതൊരു ദയയുമില്ലാതെ ആക്രമിച്ചു കളിക്കുന്ന നിതീഷിന്റെ ശൈലി ഇന്ത്യൻ സെലക്ടർമാരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. 2023 ൽ 20 ലക്ഷം രൂപയ്ക്കാണ് സൺറൈസേഴ്സ് നിതീഷിനെ ലേലത്തിൽ സ്വന്തമാക്കിയത്.

Hot Topics

Related Articles