ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകന്‍
കോട്ടയം: എം.സി റോഡില്‍ ചങ്ങനാശേരിയില്‍ മൂന്നു യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ മറ്റൊരു വാഹനം കൂടി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും. പ്രദേശത്തു നിന്നും ഒരു പിക്കപ്പ് വാനിന്റെ മഡ് ഫ്‌ളാപ്പ് ലഭിച്ചതാണ് ഇപ്പോള്‍ സംശയത്തിന് ഇട നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇവിടെ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ വിശദമായ പരിശോധന നടത്താനായി ഒരുങ്ങുകയാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മറ്റൊരു വാഹനവും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും നിഗമനവും ഇതു തന്നെയായിരുന്നു.
എം.സി റോഡില്‍ ചങ്ങനാശേരി എസ്.ബി കോളേജിനു മുന്നില്‍ ശനിയാഴ്ച രാത്രി പത്തരയോടെയുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരായ ചങ്ങനാശേരി പുഴവാത് ഹിദായത്ത് നഗറില്‍ ഷാനവാസ് (28), വാഴപ്പള്ളി വാഴപ്പള്ളിയില്‍ വീട്ടില്‍ രുദ്രാക്ഷ് (20), വാഴപ്പള്ളി ഉള്ളാഹിയില്‍ അലക്സ് (26) എന്നിവര്‍ മരിച്ചത്. അപകടത്തെ തുടര്‍ന്നു പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഈ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത് മാത്രമാണ് അപകട കാരണമെന്നു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടത്തിയ പരിശോധനയില്‍ പ്രദേശത്തു നിന്നും മറ്റൊരു വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തില്‍പ്പെട്ട ഡ്യൂക്ക് ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ യമഹയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പരിശോധനയില്‍ ലഭിക്കുന്ന പ്രാഥമിക വിവരം. ഇത് ശരിവയ്ക്കുന്ന സിസിടിവിയിലെ അവ്യക്തമായ ദൃശ്യങ്ങളും പൊലീസും മോട്ടോര്‍ വാഹന വകുപ്പും ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറ്റൊരു വാഹനവും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു തന്നെ നിഗമനമെന്നു ചങ്ങനാശേരി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ റിച്ചാര്‍ഡ് വര്‍ഗീസ് ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.