കോട്ടയം: കേരള സർക്കാർ ഫിഷറീസ് വകുപ്പിൻറെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ക്ലസ്റ്റർ ഓഫീസ്, പൊൻകുന്നം സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തികരിച്ചു. കാഞ്ഞിരപ്പള്ളി,വാഴൂർ എന്നീ ബ്ലോക്കുകളിൽ ഉൾപ്പെടുന്ന 13 പഞ്ചായത്തുകൾ ഈ ഓഫീസ് പരിധിയിൽ വരും.
എഫ്.ഇ.ഒ, എഫ്.ഒ, കോ ഓർഡിനേറ്റർ, പ്രൊമോട്ടർ തുടങ്ങിയ ഉദ്യോഗസ്ഥർ ഈ ഓഫീസ് പരിധിയിൽ ഉൾപ്പെടുന്നു. ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹനം എന്ന ലക്ഷ്യത്തോട് കൂടി ഫിഷറീസ് വകുപ്പിൻറെ ജനകീയ മത്സ്യകൃഷി, സുഭിഷകേരളം പദ്ധതി, പ്രധാനമന്ത്രി മത്സ്യ സമ്പാദ്യ യോജന തുടങ്ങിയ പദ്ധതികൾ വഴി, ശുദ്ധജല മത്സ്യകൃഷി, പാറക്കുളത്തിൽ കൂട്ട കൃഷി, ബയോ ഫ്‌ളോക്ക് മത്സ്യകൃഷി, റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം ആർ.എ.എസ് വീട്ടുവളപ്പിൽ പടുത കുളത്തിലെ മത്സ്യകൃഷി തുടങ്ങിയ കൃഷി രീതികൾ 40% സബ്‌സിഡി നിരക്കിൽ ലഭിക്കുന്നതടക്കമുള്ള സേവനങ്ങൾ ഈ ഓഫീസിൽ നിന്നും ലഭ്യമാണ് എന്ന് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എം.എൽ.എ അറിയിച്ചു.