ഇടുക്കി: ഇരട്ടയാർ നാലുമുക്കിൽ വീടിനോട് ചേർന്ന സ്റ്റോർ റൂമിൽ തീപടർന്ന് പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. നാലു മുക്ക് ചക്കാലയ്ക്കൽ ജോസഫിൻ്റെ വീടിനോട് ചേർന്നുള്ള സ്റ്റോർ റൂമായി ഉപയോഗിക്കുന്ന പഴയ വീടിന് തീ പടർന്ന് പിടിച്ചാണ് നാശനഷ്ടം സംഭവിച്ചത്. റബ്ബർ ഷീറ്റ് ഉണങ്ങുന്നതിനിടെ പുകപ്പുരയിൽ നിന്നും തീ പടർന്ന് പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
കർഷക കുടുംബമായ ഇവരുടെ ഏലം, കാപ്പി, കുരുമുളക് ഉൾപ്പെടെയുള്ള മലഞ്ചരക്ക് ഉത്പ്പന്നങ്ങൾ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം വൻ തോതിൽ അഗ്നിബാധയിൽ നശിച്ച് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. ഇതിൽ ഏലയ്ക്ക ഉൾപ്പെടെയുള്ള കുറച്ച് സാധനങ്ങൾ അഗ്നിബാധയ്ക്കിടയിലും മാറ്റാൻ ആയതിനാൽ വലിയ നഷ്ടം ഒഴിവായി. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. തീ പടർന്ന് പിടിക്കുന്നത് കണ്ട് വീട്ടുകാർ കട്ടപ്പന അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് വാഹനങ്ങളിലായി സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ചു. ആർക്കും ആളപായമില്ല. ഇളയ മകനായ അൽഫോൻസും കുടുംബാംഗങ്ങളുമാണ് പിതാവിനൊപ്പം ഇവിടെ താമസിക്കുന്നത്. മുൻ മന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം മണിയുടെ ഗൺമാനായ അൽഫോൻസ് സംഭവം നടക്കുമ്പോൾ തിരുവനന്തപുരത്തായിരുന്നു.