പശ്ചിമേഷിയിൽ സംഘർഷം രൂക്ഷം : ഗൾഫ് രാജ്യങ്ങളുടെ എണ്ണപ്പാടങ്ങളും ഭീഷണിയിൽ ; ഇന്ത്യക്കും ഭീഷണി

ബെയ്റൂത്ത് : പശ്ചിമേഷ്യയില്‍ വിവിധ പോരാട്ടമുഖങ്ങള്‍ തുറന്ന ഇസ്രായേല്‍ ബെയ്റൂത്തിലും ഗാസയിലുമൊക്കെ ആക്രമണം കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി സെന്‍ട്രല്‍ ബെയ്റൂത്തില്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ 22 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്ള പ്രവർത്തരേയും നേതാക്കളേയും ലക്ഷ്യമിട്ടാണ് ആക്രണമെന്ന് ഇസ്രായേല്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും നിരവധി സാധാരണക്കാർക്കാണ് ജീവന്‍ നഷ്ടമായത്.ഇസ്രായേല്‍ ആക്രമണത്തില്‍ യു എന്‍ സമാധാന സംഘത്തിനും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. സമാധാന സംഘത്തിലെ രണ്ട് പേർക്കാണ് പരിക്കേറ്റത്. നകൗരയിലെ സ്ഥിതി ചെയ്യുന്ന ആസ്ഥാനത്തിന് നേരായാണ് ആക്രമണം ഉണ്ടായതെന്ന് യു എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും മേഖലയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കാന്‍ തന്നെയാണ് ഇസ്രായേല്‍ നീക്കം. ഇറാന്‍ ടെല്‍ അവീവിലേക്ക് അടക്കം നടത്തിയ ആക്രമണത്തില്‍ ഇസ്രായാല്‍ ഉടന്‍ തിരിച്ചടി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച്‌ ഇന്നലെ രാത്രി ചേർന്ന സുരക്ഷ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായെന്നുമാണ് അന്താരാഷ്ട്ര മാധ്യമമായ സി എന്‍ എന്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനെതിരെ ഏത് തരത്തിലുള്ള ആക്രമണമായിരിക്കും ഇസ്രായേല്‍ നടത്തുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.ഇറാനെതിരായ നീക്കത്തില്‍ ഇസ്രായേലിന് അമേരിക്കയുടെ പിന്തുണയുണ്ടെങ്കിലും അതിന് നിയന്ത്രണങ്ങളുണ്ട്. പരിമിതമായ രീതിയില്‍ ഇസ്രായേലിന് തിരിച്ചടിക്കാമെങ്കിലും ഇറാനിലെ ആണവ, സിവിലിയന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്നാണ് അമേരിക്കയുടെ നിലപാട്. അതോടൊപ്പം തന്നെ ഇറാന്റെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കരുതെന്നും യു എ ഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളും വ്യക്തമാക്കുന്നു.ഇറാൻ്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രയേലിനെ തടയാണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അമേരിക്കയുടെ മേല്‍ സമ്മർദ്ദം ശക്തമാക്കുന്നുമുണ്ട്. സംഘർഷം രൂക്ഷമായാല്‍ ഇറാനിയന്‍ എണ്ണപ്പാടങ്ങളില്‍ പടരുന്ന തീ തങ്ങളുടെ എണ്ണപ്പാടങ്ങളിലേക്കും വ്യാപിക്കുമെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആശങ്ക. ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം നടത്തുകയാണെങ്കില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിർത്തിയിലൂടെ പറക്കാന്‍ അനുമതി നല്‍കില്ലെന്ന് സൗദി അറേബ്യ, യു എ ഇ, ഖത്തർ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യവും ഗള്‍ഫ് രാഷ്ട്രങ്ങള്‍ അമേരിക്കയെ അറിയിച്ചിട്ടുണ്ട്.തങ്ങളുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിക്കാതിരിക്കാനായി അമേരിക്കയുമായി മോശമല്ലാത്ത ബന്ധം തുടരുന്ന ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപിക്കുന്ന നയതന്ത്രം ഇറാന്‍ നടത്തിയതിന്റെ ഫലമാണ് ഇത്തരമൊരു നീക്കമെന്നും റിപ്പോർട്ടുണ്ട്. ഇസ്രായേല്‍ ആക്രമിക്കുകയാണെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് കടക്കുകയും ചെയ്യും.ആക്രമണം നടത്താൻ ഇസ്രായേലിന് ഏതെങ്കിലും തരത്തിലുള്ള സഹായം നല്‍കുകയാണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ ശാലകളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയില്ലെന്ന് ഈ ആഴ്ച നടന്ന യോഗങ്ങളില്‍ ഇറാൻ സൗദി അറേബ്യക്ക് മുന്നറിയിപ്പ് നല്‍കിയതായും ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ റോയിട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ‘ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിർത്തി ഇസ്രായേലിന് തുറന്ന് കൊടുത്താല്‍ അത് ഒരു തുറന്ന യുദ്ധമായിരിക്കും’ എന്ന് ഇറാന്‍ വ്യക്തമാക്കിയെന്നാണ് സൗദി അറേബ്യന്‍ രാജകീയ കോടതിയുമായി അടുത്ത ബന്ധം പുലർത്തുന്ന സൗദി അനലിസ്റ്റ് അലി ഷിഹാബിയും വ്യക്തമാക്കി.

Advertisements

Hot Topics

Related Articles