കോട്ടയം പാക്കിൽ ക്ഷേത്രത്തിനു സമീപത്തെ രണ്ട് വീടുകളിൽ മോഷണം; ഏഴായിരത്തോളം രൂപയും സ്വർണ മാലയും കവർന്നു; കേസെടുത്ത് ചിങ്ങവനം പൊലീസ് ; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: പാക്കിൽക്ഷേത്രത്തിനു സമീപത്തെ രണ്ടു വീടുകളിൽ മോഷണം. സമീപത്ത് കാരമ്മൂട് ജംഗ്ഷനു സമീപത്തെ രണ്ട് വീടുകളിൽ മോഷണ ശ്രമവും ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് വീടുകളിൽ മോഷണവും മോഷണ ശ്രമവും ഉണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് പാക്കിൽ ക്ഷേത്രത്തിനു സമീപം കാഞ്ഞിരക്കാട് മോഹന്റെ വീട്ടിൽ മോഷ്ടാവ് കയറിയത്. വീടിന്റെ അടുക്കള വാതിൽ തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാവ് ഇവിടെ സൂക്ഷിച്ചിരുന്ന 7000 രൂപയാണ് മോഷ്ടിച്ചത്. തുടർന്ന്, സമീപത്തെ വീട്ടിൽ കയറി. ഇവിടെ വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്താണ് മോഷ്ടാവ് രക്ഷപെട്ടത്. കാരമ്മൂട്ടിൽ സോമൂസ് കഞ്ഞിക്കടയുടെ സമീപത്തെ വീട് കുത്തിത്തുറന്ന മോഷ്ടാവ്, മോഷണ ശ്രമവും നടത്തി. വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത്. കാരമ്മൂട് പള്ളിയ്ക്കു പുറക് വശത്തെ കടയ്ക്കു സമീപമുള്ള വീട്ടിലും സമാന രീതിയിൽ മോഷണ ശ്രമം ഉണ്ടായി. ഈ വീടിന്റെ വർക്കേറിയയുടെ ഗ്രിൽ തകർത്ത മോഷ്ടാവ് പിൻ വാതിലിലെ ഓടാമ്പൽ തകർത്തു. ഈ സമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഇവർ ലൈറ്റ് ഓൺ ആക്കിയതോടെ മോഷ്ടാക്കൾ ഓടിരക്ഷപെട്ടു. വിവരം അറിഞ്ഞ് ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles