ചെന്നൈ: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്ന സൂപ്പർ താരം വിജയ്, വീണ്ടും രാഷ്ട്രീയ ചർച്ചകൾ സജീവമാക്കി. സൂപ്പർ താരം വിജയുമായി പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമിയുമായി ചർച്ച നടത്തിയതാണ് ഇപ്പോൾ വീണ്ടും രാഷ്ട്രീയ പ്രവേശത്തെ ചർച്ചയാക്കി മാറ്റിയത്. വിജയുടെ പനയൂരിലെ വസതിയിലായിരുന്നു ചർച്ച. ഒരു മണിക്കൂറിലധികം ഇരുനേതാക്കളും ചർച്ച നടത്തിയെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തമിഴ്നാട്ടിൽ ഈ മാസം നഗരപഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 19നാണ് പോളിങ്. 22ന് ഫലം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് വിജയുടെ ആരാധകരുടെ സംഘടന അറിയിച്ചിരുന്നു. നേരത്തെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചവരാണ് വിജയുടെ ആരാധകർ. ഈ സാഹചര്യത്തിൽ വരുന്ന തിരഞ്ഞെടുപ്പ് ഏവരും ഉറ്റുനോക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്ത കാലത്തായി സിനിമാ മേഖലയിൽ നിന്ന് തമിഴ് രാഷ്ട്രീയത്തിലിറങ്ങിയവർ വലിയ വിജയം കൊയ്തിട്ടില്ല. കമൽ ഹാസൻ ഉൾപ്പെടെ ലക്ഷ്യം കാണാതിരിക്കുകയാണ്. രജനികാന്ത് രാഷ്ട്രീയ മോഹങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. ഈ വേളയിലാണ് വിജയുടെ ആരാധകർ മികച്ച വിജയം നേടിയത്. മൽസരിച്ച പകുതിയിലധികം സീറ്റിൽ ജയിച്ച വിജയ് പീപ്പിൾസ് മൂവ്മെന്റിന്റെ പ്രകടനം പ്രധാന പാർട്ടികളെ അമ്പരപ്പിച്ചിരുന്നു.
എഐഎഡിഎംകെയേക്കാൾ മികച്ച പ്രകടനമാണ് വിജയ് മക്കൾ മൂവ്മെന്റ് നടത്തിയത്. വരുന്ന തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് മൂവ്മെന്റിന്റെ പതാകയും തന്റെ ഫോട്ടോയും ഉപയോഗിക്കാൻ ആരാധകർക്ക് വിജയ് അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എൻ രംഗസ്വാമി നടത്തിയ ചർച്ച രാഷ്ട്രീയ പ്രാധാന്യമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ആൾ ഇന്ത്യ എൻആർ കോൺഗ്രസ് അധ്യക്ഷനാണ് രംഗസ്വാമി. നേരത്തെ കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം പാർട്ടി നേതൃത്വവുമായി ഉടക്കി പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു.
മുൻസിപ്പാലിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പാണ് തമിഴ്നാട്ടിൽ നടക്കാൻ പോകുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വിജയ് മക്കൾ ഇയക്കം പ്രവർത്തകർ സജീവമായി വോട്ട് ചേർത്താൻ തുടങ്ങിയിരുന്നു. വളരെ നേരത്തെ പ്രചാരണവും അവർ ആരംഭിച്ചു. കഴിഞ്ഞ നവംബർ 13 മുതൽ വിജയ് മക്കൾ ഇയക്കം യുവ വോട്ടർമാരെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു.
പല ജില്ലകളിലും വിജയ് ഫാൻസിന്റെ പ്രത്യേക പ്രതിനിധികൾ സംഘടനാ നേതാക്കളെ സന്ദർശിക്കുകയും മൽസരിക്കാൻ യോഗ്യരായവരെ കണ്ടെത്തുകയും ചെയ്തിരുന്നു. ജയസാധ്യതയുള്ള വാർഡുകളുടെ കണക്കെടുത്തു. രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിജയ് ആരാധകരുടെ മുന്നേറ്റം എന്നതും പ്രകടമാണ്. വിജയ് നേരിട്ട് പ്രചാരണത്തിന് ഇറങ്ങാതെയാണ് ഇതുവരെ ഫാൻസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നടന്നിട്ടുള്ളത്. വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് കരുതുന്ന നിരവധി നിരീക്ഷകർ തമിഴ്നാട്ടിലുണ്ട്.