കൊച്ചി : കാലത്തിന് സ്പർശിക്കാനാവാത്ത നിത്യഹരിതശബ്ദമാണ് മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രന്റേത്. വികാര വിചാരങ്ങളെ ഭാവതീവ്രമായി പാട്ടിലേക്ക് കൊണ്ടുവന്ന മധുര നാദം ഇന്നും ആസ്വാദക ഹൃദയങ്ങളെ മോഹിപ്പിക്കുന്നു. കാലഭേദമില്ലാതെ തലമുറകള്‍ നെഞ്ചോട് ചേർക്കുന്ന ശബ്ദമാണ് അദ്ദേഹത്തിന്റേത്. ശബ്ദമാധുര്യം കൊണ്ടും ആലാപനവൈഭവവും കൊണ്ടും കാലത്തെ അതിജീവിച്ച ദേവഗായകൻ ഒരാഴ്ച മുമ്ബ് തൃശൂരില്‍ കുട്ടനെല്ലൂർ സാംസ്കാരിക സംഗീത കാരുണ്യ വേദി സംഘടിപ്പിച്ച പരിപാടിയില്‍ മോഹം കൊണ്ടു ഞാൻ….. എന്ന ഗാനം വീണ്ടും ആലപിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.ജോണ്‍സണ്‍ മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസംഗിക്കുന്നതിന് ഇടയിലാണ് വീണ്ടും പി.ജയചന്ദ്രൻ പാടിയത്. കാലത്തിനും പ്രായത്തിനും കീഴ്പ്പെടാത്ത നിത്യ സുന്ദര ശബ്ദ സൗകുമാര്യം കൊണ്ട് തലമുറകളെ സ്വാധീനിച്ച ഗായകൻ കുറച്ച് മാസങ്ങള്‍ക്ക് മുമ്ബ് ചില ആരോഗ്യപ്രശ്നങ്ങള്‍ മൂലം ആശുപത്രിയിലായിരുന്നു.അവയെല്ലാം അതിജീവിച്ച് സംഗീതരംഗത്ത് അടുത്തിടെയാണ് അദ്ദേഹം തിരിച്ചെത്തിയത്. കഴിഞ്ഞ മാസം റെക്കോർഡിങ്ങിന് പാടാനും അദ്ദേഹം എത്തിയിരുന്നു. ഇപ്പോഴിതാ ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കിട്ട വീഡിയോയും അതിന് പാട്ടിനേയും ഗായകനേയും സ്നേഹിക്കുന്നവർ കുറിച്ച കമന്റുകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോ പങ്കുവെച്ച് ബി.കെ ഹരിനാരായണൻ കുറിച്ചത് ഇങ്ങനെയാണ്… കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ജയട്ടനോട് അടുത്തുനില്‍ക്കുന്നവർ എല്ലാരും അഭിമുഖീകരിച്ച ഒരു ചോദ്യമായിരുന്നു.അല്ല ജയേട്ടൻ… ആശുപത്രീലാണല്ലെ… സീരിയസ്സാന്നൊക്കെ..? ഉടൻ നമ്മള്‍ പരിഭ്രമിച്ച് ജയേട്ടൻ്റെയോ മനോഹരേട്ടൻ്റേയോ നമ്ബറിലേക്ക് വിളിക്കുമ്ബോള്‍ അറിയും… ജയേട്ടൻ വീട്ടില്‍ തന്നെയുണ്ട് പ്രശ്നമൊന്നുമില്ല. ആ സമയത്ത് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു ജയേട്ടന്. പ്രായത്തിൻ്റേതായ ബുദ്ധിമുട്ടുകളും.പുറത്തറങ്ങിയിരുന്നില്ല. വിശ്രമത്തിലുമായിരുന്നു. ആരുടേയും ഫോണും എടുത്തിരുന്നില്ല. എന്നാല്‍ അത് ഈ പറയുന്നരീതിയില്‍ ഗുരുതരാവസ്ഥയിലുമായിരുന്നില്ല. ഈ അനുഭവം ജയേട്ടനോട് അടുത്ത് നില്‍ക്കുന്ന പലർക്കും ഉണ്ടായിട്ടുണ്ടാവും. അവരെ വിളിക്കുന്നത് ജയേട്ടനോട് അത്രമേല്‍ ഇഷ്ടമുള്ളവരായിരിക്കും അല്ലങ്കില്‍ മാധ്യമപ്രവർത്തകരായിരിക്കും. ആയിടയ്ക്കാണ് ജയേട്ടൻ വളരെ ക്രിട്ടിക്കലാണെന്ന ഒരു വാർത്ത സോഷ്യല്‍ മീഡിയ വഴി പരക്കുന്നത്.ആ ദിവസം പങ്കജാക്ഷേട്ടനൊപ്പം ജയേട്ടനെ വീട്ടില്‍ പോയി കണ്ടു. ക്ഷീണമുണ്ട് പക്ഷെ പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല. ഈ വാർത്ത ഇങ്ങനെ പരക്കുന്നതിലെ വിഷമം സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു. അതോടൊപ്പം വീണ്ടും പാടണം എന്ന ആഗ്രഹവും. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അത് നടന്നു. ബാലുച്ചേട്ടനിലൂടെ… എന്നാണ് ബി.കെ ഹരിനാരായണൻ കുറിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടി പി.ജയചന്ദ്രനെ കഴിഞ്ഞ ദിവസം ഹരിനാരായണൻ അഭിമുഖം ചെയ്തിരുന്നു.അവിടെ വെച്ച് പകർത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബി.കെ ഹരിനാരായണൻ പങ്കിട്ട പുതിയ വീഡിയോ വൈറലായതോടെ പി.ജയചന്ദ്രനെ ആരോഗ്യം ക്ഷയിച്ച അവസ്ഥതയില്‍ കാണേണ്ടി വരുന്നതിന്റെ വേദനയാണ് സംഗീതപ്രേമികള്‍ കമന്റിലൂടെ പങ്കിട്ടത്. ആ മീശയൊക്കെ പിരിച്ചുവെച്ച ഗൗരവമുള്ള ആ മുഖം അത് അങ്ങിനെ തന്നെ മനസില്‍ നില്‍ക്കട്ടെ, ഈ അടുത്ത് ഒരു റീല്‍ വീഡിയോ കണ്ടിരുന്നു.ഒരു സ്റ്റേജ് ഷോയില്‍ മീശ പിരിച്ചുവെച്ച് എന്തേ ഇന്നും വന്നീല എന്ന ഗാനം പാടുന്നത്. ഇപ്പോള്‍ ഈ വീഡിയോ ലാസ്റ്റ് മൊമെന്റ് വരെ കണ്ടപ്പോഴാണ് പുള്ളി തന്നെയാണ് വീഡിയോയില്‍ ഉള്ളതെന്ന് വിശ്വാസം വന്നത്. പുള്ളിക്ക് മാത്രം അല്ല നമുക്കും പ്രായമായിതുടങ്ങി എന്നുള്ളതിനുള്ള ഓർമപ്പെടുതലായിരിക്കാം ഇതൊക്കെ, ആള് നന്നായ് മാറിട്ടുണ്ട്, എത്ര സുന്ദരനായിരുന്നു ഐശ്വര്യമായിരുന്നു ആ മുഖത്ത്.വാർധക്യം അത് മായ്ച്ച് കളഞ്ഞു. പക്ഷെ അദ്ദേഹം പാടിവെച്ച വരികളെ ഒരിക്കലും വാർധക്യത്തിന് മായ്ക്കാൻ പറ്റില്ല. ഇത് അദ്ദേഹം ആണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, ഇങ്ങനെ കാണാൻ തോന്നുന്നില്ല. എത്ര സുന്ദരൻ ആയിരുന്നു, വല്ലാത്ത ഒരു വിഷമം… എത്രയോ പാട്ടുകള്‍ നമുക്കായ് പാടിയ സാറിന് ഈശ്വരൻ ആരോഗ്യവും സന്തോഷവും നല്‍കാൻ പ്രാർത്ഥിക്കാം എന്നിങ്ങനെ എല്ലാമാണ് ആരാധകർ പ്രിയ ഗായകനെ കുറിച്ച് കുറിച്ചത്.