കോട്ടയം : പുതുപ്പള്ളി അങ്ങാടിയിൽ പട്ടാപ്പകൽ വീട്ടുമുറ്റത്തു നിന്നും എട്ടുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പുതുപ്പള്ളി അങ്ങാടിയിലെ വീട്ടിൽ നിന്നാണ് എട്ട് മാസം പ്രായമുള്ള ആൺകുട്ടിയെ നാടോടി സ്ത്രീകൾ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെയുമായി വീട്ടു മുറ്റത്ത് നിന്നും പുറത്തിറങ്ങിയ നാടോടി സ്ത്രീയുടെ കയ്യിൽ നിന്നും കുട്ടിയെ സാഹസികമായി അമ്മ തിരികെ പിടിച്ചു വാങ്ങുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11:30 യോടു കൂടിയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ അമ്മയും കുട്ടിയും വയ്യാതെ കിടക്കുന്ന അമ്മയുടെ മാതാവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാത്രി സാധനങ്ങൾ ശേഖരിക്കാൻ എന്ന പേരിൽ വീട്ടിലെത്തിയ , നാടോടി സ്ത്രീകളിൽ ഒരാൾ വീടിൻറെ പിൻഭാഗത്ത് കൂടി കയറി എത്തിയശേഷം കുട്ടിയെ തട്ടിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു എന്നാണ് മാതാവ് പോലീസിന് മൊഴി നൽകിയത്. കുട്ടിയുമായി പുറത്തേക്ക് ഓടുന്നത് കണ്ട മാതാവ് ഉടൻതന്നെ ബഹളം വെച്ച് പിന്നാലെ എത്തി , കുട്ടിയെ പിടിച്ചു വാങ്ങി. ഇതോടെ നാടോടി സ്ത്രീകൾ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് , ഇവർ വിവരം കോട്ടയം ഈസ്റ്റ് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഘം സ്ഥാനത്ത് എത്തി അന്വേഷണം ആരംഭിച്ചു. പുതുപ്പള്ളിയിൽ നിന്നും സംശയം തോന്നിയ നാടോടി സ്ത്രീകളായ മൂന്നുപേരെ ഈസ്റ്റ് സി ഐ യു . ശ്രീജിത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് അറിയിച്ചു.