ബെയ്റൂട്ട്: ഇറാന്റെ മിസൈൽ ആക്രമണം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇസ്രയേൽ നിശബ്ദമാണ്. ലബനനിലും ഗാസയിലും വൻതോതിലുള്ള വ്യോമാക്രമണങ്ങൾ നടത്തി എന്നല്ലാതെ ഇറാന് നേരെ ഒരു നീക്കവും നടത്തിയിട്ടില്ല. ഇപ്പോൾ അമേരിക്കൻ മിസൈൽ ഡിഫൻസ് സംവിധാനമായ ‘താഡ്’ എത്തിയതോടെ ഇസ്രയേൽ പ്രത്യാക്രമണത്തിനു നീക്കം തുടങ്ങിയിരിക്കുന്നു.
രണ്ട് സി-17 യുഎസ് സൈനിക വിമാനങ്ങളും 100 ഓളം യുഎസ് സൈനികരും ഇസ്രയേലിൽ എത്തിയിട്ടുണ്ട്. ഇറാൻ മിസൈലുകൾ അയച്ചാൽ ‘താഡ്’ ഈ മിസൈലുകളെ തടയും. ഒക്ടോബർ ഒന്നിന് ഇറാന്റെ മിസൈൽ ആക്രമണ സമയത്ത് ഇസ്രയേൽ പ്രതിരോധ സംവിധാനം പാളിയതിനെ തുടർന്ന് വൻ നാശം സംഭവിച്ചിരുന്നു. ഇറാനുമായി കനത്ത ഏറ്റുമുട്ടൽ തുടങ്ങിയാൽ ഇസ്രയേലിന് കനത്ത സുരക്ഷ നൽകാനാണ് താഡ് സംവിധാനം വിന്യസിച്ചിരിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളെ തടയാൻ രൂപകൽപന ചെയ്തതാണ് ‘താഡ്’.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്താണ് ഇറാനിൽ ഇസ്രയേൽ ലക്ഷ്യമാക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇറാന്റെ ആണവ-എണ്ണ കേന്ദ്രങ്ങളെ ഇസ്രയേൽ ലക്ഷ്യമിടുന്നില്ല എന്ന ഒരുറപ്പ് ബൈഡൻ ഭരണകൂടത്തിന് ഇസ്രയേൽ നൽകി എന്നാണ് പുറത്തുവന്ന വാർത്ത. യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ രാജ്യത്തിനകത്ത് നിന്നും ഉയരുന്ന എതിർപ്പുകൾ കുറയ്ക്കുകയാണ് ബൈഡൻറെ ലക്ഷ്യം.
ഹിസ്ബുള്ള നേതാവ് ഹസൻ നസ്റല്ല, ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ എന്നിവരെ ഇസ്രയേൽ വധിച്ചതിനെ തുടർന്ന് ഇറാൻ ഇസ്രായേലിന് നേരെ ഡസൻ കണക്കിന് മിസൈലുകൾ വിക്ഷേപിച്ചിരുന്നു. ഒക്ടോബർ ഒന്നിനുള്ള ഈ ആക്രമണത്തിന് ഇസ്രയേൽ ഇതുവരെ തിരിച്ചടി നൽകിയിട്ടില്ല. വൻ തിരിച്ചടിക്ക് ഇസ്രയേൽ ഒരുങ്ങുന്നു എന്നാണ് വിവരം.