ഓൺലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നൽകിയില്ല, വസ്ത്ര വ്യാപാരിക്ക് 9,395/- പിഴശിക്ഷ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി ; നടപടി ആലപ്പുഴയിലെ സ്ഥാപനത്തിനെതിരെ

ആലപ്പുഴ : വിറ്റ ഉൽപ്പന്നം തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോചെയ്യാത്ത ആലപ്പുഴയിലെ ഇഹ ഡിസൈൻസ് ബ്രൈഡൽ സ്റ്റുഡിയോ എന്ന ഓൺലൈൻ സ്ഥാപനം അധാർമികമായ വ്യാപാര രീതിയാണ് അവലംബിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഉൽപ്പന്നത്തിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നൽകാൻ എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി. എറണാകുളം ഇടപ്പള്ളി സ്വദേശി ലിസ കെ.ജി സമർപ്പിച്ച പരാതിയിലാണ് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്.അധ്യാപികയായ പരാതിക്കാരി 1,395/- രൂപ ഓൺലൈനിൽ നൽകിയാണ് സ്റ്റിച്ച് ചെയ്ത ചുരിദാറിന് ഓർഡർ നൽകിയത്. ഓർഡർ നൽകിയ ഉടനെ തന്നെ ഉൽപ്പന്നത്തിന്റെ കളർ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കളർ മാറ്റം സാധ്യമല്ലെന്ന് എതിർകക്ഷി അറിയിക്കുകയും തുടർന്ന് ഓർഡർ റദ്ദാക്കാൻ പരാതിക്കാരി ശ്രമിച്ചുവെങ്കിലും എതിർകക്ഷി അതിന് സമ്മതിച്ചില്ല. നൽകിയ തുക മറ്റ് ഓർഡറുകൾക്ക് ക്രെഡിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെങ്കിലും അതും നിരസിക്കപ്പെട്ടു. ഉൽപ്പന്നം തപാലിൽ അയച്ചു കഴിഞ്ഞു എന്നാണ് എതിർകക്ഷി അറിയിച്ചത്. എന്നാൽ തപാൽ രേഖകൾ പ്രകാരം അത് തെറ്റാണെന്ന് പരാതിക്കാരി കോടതി മുമ്പാകെ ബോധിപ്പിച്ചു.തപാലിൽ ലഭിച്ച ഉൽപ്പന്നം പരാതിക്കാരിയുടെ അളവിലല്ലെന്ന് മനസ്സിലായതിനെ തുടർന്ന് അത് മടക്കി നൽകാൻ ശ്രമിച്ചുവെങ്കിലും എതിർകക്ഷി അത് സ്വീകരിക്കാതെ തിരിച്ചയച്ചു. തുക റീഫണ്ട് ചെയ്യാനും അവർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് 1 ,395 /- രൂപ തിരിച്ചു നൽകണമെന്നും നഷ്ടപരിഹാരവും കോടതി ചെലവും എതിർകക്ഷിയിൽ നിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. “വിറ്റഉൽപ്പന്നം ഒരു കാരണവശാലും മാറ്റി നൽകുകയോ തിരിച്ചെടുക്കുകയോ ചെയ്യില്ല “എന്ന നിലപാട് അധാർമികമായ വ്യാപാര രീതിയാണെന്ന് വ്യക്തമാക്കി, സംസ്ഥാന സർക്കാർ 2007 നവംബർ മാസം പുറപ്പെടുവിച്ച ഉത്തരവ് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് ലംഘിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമംപ്രകാരമുള്ള അധാർമികമായ വ്യാപാര രീതിയാണെന്ന് ഡി ബി ബിനു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരിയിൽ നിന്നും ഈടാക്കിയ 1,395 രൂപ തിരിച്ചു നൽകാനും 3,000/- രൂപ നഷ്ടപരിഹാരവും 5,000/- രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരിക്ക് നൽകണമെന്ന് എതിർ കക്ഷിക്ക് കോടതി ഉത്തരവ് നൽകി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.