ബിഷ്‌ണോയ് സംഘത്തിന്റെ വധ ഭീഷണി; സൽമാൻഖാന് പുതിയ ബുള്ളറ്റ് പ്രൂഫ് കാർ എത്തുന്നു; വില കോടികൾ; കാറെത്തുന്നത് ദുബായിയിൽ നിന്ന്

മുംബയ്: വീണ്ടും വധഭീഷണി ഉയർന്ന സാഹചര്യത്തിൽ ബോളിവുഡ് താരം സൽമാൻഖാൻ കോടികൾ മുടക്കി പുതിയ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങിയതായി റിപ്പോർട്ട്. ജാപ്പനീസ് കാർ നിർമ്മാതാക്കളായ നിസാന്റെ ‘പട്രോൾ എസ്യുവി’യാണ് രണ്ടുകോടി രൂപ മുടക്കി സൽമാൻ വാങ്ങിയത്. ഇന്ത്യയിൽ കാർ ലഭ്യമല്ലാത്തതിനാൽ ദുബായിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. കാർ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനും ലക്ഷങ്ങൾ ചെലവാകും.

Advertisements

പോയിന്റ് ബ്ലാങ്കിൽ നിന്ന് നിറയൊഴിച്ചാലും വെടിയുണ്ട തുളഞ്ഞുകയറാത്ത ഗ്‌ളാസുകളും ബോഡിയുമാണ് ഏറ്റവും വലിയ പ്രത്യേകത. ഉള്ളിലുള്ള യാത്രക്കാരെയോ ഡ്രൈവറെയോ പുറത്തുനിന്ന് നോക്കുന്ന ഒരാൾക്ക് കാണാൻ കഴിയില്ല. എന്നാൽ ഉള്ളിലുള്ളവർക്ക് ചുറ്റുപാടുകൾ വ്യക്തമായി കാണാൻ കഴിയുകയും ചെയ്യും. സ്‌ഫോടക വസ്തുക്കളുടെ സാന്നിദ്ധ്യം മനസിലാക്കി മുന്നറിയിപ്പുനൽകുന്ന സംവിധാനവും കാറിലുണ്ട്. ബോംബ്, ഗ്രനേഡ് ആക്രമണത്തെയും കാർ പ്രതിരോധിക്കും. 15 കിലോഗ്രാം ടിഎൻടി സ്‌ഫോടത്തിൽപ്പോലും കാർ സുരക്ഷിതമായിരിക്കും. ബോഡിക്ക് തീ പിടിക്കുകയോ ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിക്കുകയോ ഇല്ല. ഇത്രയൊക്കെ സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും ആഡംബരത്തിനും ഒട്ടും കുറവുവരുത്തിയിട്ടില്ല. നേരത്തേ തനിക്കും പിതാവിനും ബിഷ്ണോയി സംഘത്തിൽ നിന്നുള്ള വധഭീഷണി ഉയർന്നപ്പോൾ സൽമാൻ യുഎഇയിൽ നിന്ന് ബുള്ളറ്റ് പ്രൂഫ് കാർ ഇറക്കുമതി ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബ സിദ്ധിഖിയുടെ കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് സൽമാന് വീണ്ടും വധ ഭീഷണി ലഭിച്ചത്. ട്രാഫിക് പൊലീസിന്റെ വാട്‌സാപ്പിലാണ് ഭീഷണി സന്ദേശം എത്തിയത്. അഞ്ചുകോടി നൽകിയാൽ പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിക്കാം എന്നും ഇല്ലെങ്കിൽ ബാബ സിദ്ധിഖിയുടെ ഗതിവരുമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

‘ഇതൊന്നും നിസാരമായി കാണരുത്. ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോട് കഴിയാനും സൽമാൻ അഞ്ചുകോടി രൂപ നൽകണം. പണം നൽകിയില്ലെങ്കിൽ ബാബ സിദ്ധിഖിയുടെ അവസ്ഥയെക്കാൾ മോശമാകും’ എന്നാണ് സന്ദേശത്തിൽ പറയുന്നത്.

തങ്ങളുടെ സമുദായത്തിന്റെ വിശുദ്ധ മൃഗമായി കരുതുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതാണ് സൽമാനുമായി ബിഷ്‌ണോയിക്ക് പക വളരാൻ കാരണം. പലതവണ ബിഷ്‌ണോയി സംഘത്തിൽ നിന്ന് സൽമാന് ഭീഷണിയും ലഭിച്ചിരുന്നു. അടുത്തിടെ അദ്ദേഹത്തിന്റെ വസതിക്കുനേരെ വെടിവയ്പ്പും നടന്നിരുന്നു. ബാബ സിദ്ധിഖിയുടെ മരണത്തോടെ സൽമാന്റെ സുരക്ഷ അധികൃതർ വർദ്ധിപ്പിച്ചിരുന്നു.

Hot Topics

Related Articles