കോട്ടയം : ഒന്നര മാസമായി ഒഴിഞ്ഞു കിടക്കുന്ന കോട്ടയം പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഏ.ഇ, ഓവർസീയർ തസ്തികകളിൽ നിയമനം നടത്തണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കോട്ടയം കളക്ടറേറ്റിനു മുമ്പിൽ നടന്ന ധർമ്മയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.കോട്ടയം പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ഏ. ഇ, ഓവർസിയർ ഉദ്യോഗസ്ഥരെ ഒന്നരമാസം മുമ്പ് മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ തുടർ നിയമനം പഞ്ചായത്തിൽ നടത്താതെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഇത് മൂലം 23 വാർഡുകളിലെ വിവിധ വികസന പ്രവർത്തനങ്ങളാണ് മുടങ്ങിക്കിടക്കുന്നത്. മന്ത്രി മുതൽ വിവിധ തലങ്ങളിൽ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥ നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് ആണ് കോൺഗ്രസ് പനച്ചക്കാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കോട്ടയത്ത് കളക്ടറേറ്റിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളോടുള്ള സംസ്ഥാന സർക്കാറിന്റെ അവഗണനയാണ് ഉദ്യോഗസ്ഥ നിയമനത്തിൽ അടക്കം നടക്കുന്ന അനാസ്ഥ എന്ന അദ്ദേഹം ആരോപിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ കൈതയിൽ, ജില്ലാ പഞ്ചായത്ത് അംഗം പി. കെ വൈശാഖ്, പാർലമെൻ്ററി പാർട്ടി ലീഡർ എബിസൺ കെ. എബ്രഹാം, പനച്ചിക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സ് തുടങ്ങിയവർ സംസാരിച്ചു.