മണിമല : കാറിടിച്ചു വീണ് പരിക്ക് പറ്റിയ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞ് അതേകാറില്‍ കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച് യാത്രക്കാർ കടന്നു കളഞ്ഞു.പരിക്കേറ്റ വിദ്യാർത്ഥി ബസ് കേറിയാണ് പിന്നീട് വീട്ടിലെത്തിയത്. വിദ്യാർത്ഥിയെ വീട്ടുകാർ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മണിമലയില്‍ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം നടന്നത്. മണിമല സെന്റ് ജോർജസ് ഹൈസ്കൂളിലെ എഴാം ക്ളാസ് വിദ്യാർത്ഥി കടയനിക്കാട് സ്വദേശി ജോയലിനാണ് (12) അപകടത്തില്‍ പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക് വീണ ജോയലിന്റെ തലയ്ക്കും കൈക്കും കാലിനും മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ നടുവിന് ചതവുണ്ടെന്നും വീട്ടുകാർ പറഞ്ഞു.വെള്ളിയാഴ്ച വെകിട്ട് സ്കൂള്‍ വിട്ട് പോകുമ്ബോഴാണ് അപകടമുണ്ടായത്. സ്കൂളിനു മുന്നിലുള്ള സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്ബോഴായിരുന്നു കറുകച്ചാല്‍ ഭാഗത്തുനിന്നെത്തിയ കാർ കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. നാട്ടുകാർ ഓടിക്കൂടിയതോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാമെന്നു പറഞ്ഞ കാർ യാത്രികർ കുറച്ചു ദുരം കൊണ്ടുപോയതിനു ശേഷം മണിമല ബസ്റ്റാൻഡിന് സമീപം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.