ഈരയിൽകടവിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : സാധാരണക്കാർക്ക് കുടിവെള്ളമെത്തിക്കാനുള്ള പൈപ്പ് ലൈനിന്റെ മറവിൽ ഇരയിൽ കടവിൽ പാടം നികത്തുന്നു. ഇരയിൽ കടവ് ബൈപ്പാസിന് സമീപത്തായി മധ്യഭാഗത്തെ കലുങ്കിനോട് ചേർന്നുള്ള പ്രദേശത്താണ് അനധികൃതമായി മണ്ണിട്ട് പാടം നികത്തുന്നത്. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെ ആണ് ഈ രീതിയിൽ മണ്ണിട്ട് പാടം നികത്തുന്നത് എന്നാണ് സൂചന.
രണ്ടു ദിവസം മുൻപാണ് ഈരയിൽക്കടവിൽ പാടം നികത്തുന്ന നടപടികൾ ആരംഭിച്ചതെന്നാണ് സൂചന. ഈരയിൽക്കടവിൽ നിന്നും മണിപ്പുഴ ഭാഗത്തേയ്ക്കുള്ള റോഡിന്റെ മധ്യഭാഗത്തായി ഒരു കലുങ്കുണ്ട്. ഈ കലുങ്കിനു പത്തു മീറ്റർ മുന്നിലായാണ് മണ്ണടിച്ച് പാടം നികത്തുന്നത്. റോഡരികിൽ പാകിയിരുന്ന മെറ്റൽകൂന നികത്തി, ഇതിനു മുകളിലൂടെ ടിപ്പർ ലോറി കയറ്റിയ പാട് ഇവിടെ കാണാനുണ്ട്. ഇത് കൂടാതെ പൈപ്പ് ലൈനിനായി സ്ഥാപിച്ച കുഴിയും മൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അധികൃതരും രാഷ്ട്രീയ നേതാക്കളും അറിയാതെ രാത്രിയിലാണ് മണ്ണടിച്ച് പാടം നികത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണ്ണും കല്ലും നിർമ്മാണ അവശിഷ്ടങ്ങളും മരത്തിന്റെയും ചെടികളുടെയും അവശിഷ്ടങ്ങളും ഇവിടെ നിറച്ചിട്ടുണ്ട്. സ്വാഭാവികമായി മണ്ണ് വീണ് മൂടിയതാണ് എന്നു തോന്നുന്ന നിലയിലാണ് ഇവിടെ മണ്ണിടിച്ച് നികത്തുന്നത്. മുൻപ് ഇവിടെ മണ്ണിട്ട് നികത്താൻ ശ്രമമുണ്ടായത് വിവാദമായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഈരയിൽക്കടവിൽ വീണ്ടും മണ്ണിട്ട് നികത്താൻ ശ്രമമുണ്ടായിരിക്കുന്നത്.
ഒരു വശത്ത് പാടശേഖരം പച്ചപിടിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് മറുവശത്ത് മണ്ണിട്ട് പാടം നികത്താൻ അനധികൃത ശ്രമം ഉണ്ടായിരിക്കുന്നത്. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ നദീപുനർസംയോജന പദ്ധതി പ്രകാരം കിഴക്കു വശത്ത് കൃഷിയ്ക്കായി പാടം ഒരുക്കുമ്പോഴാണ് പടിഞ്ഞാറു വശത്ത് പാടംനികത്താൻ ശ്രമം നടക്കുന്നത്. ഈ സാഹചര്യത്തിൽ അടിയന്തരമായി അധികൃതർ ഇടപെടണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.