കോട്ടയം: എൽ.ഐ.സി.ഏജൻ്റന്മാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടികൾ പിൻവലിക്കുന്നതിന് മാനേജ്മെൻ്റ് തയ്യാറാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു. മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാതെ, കേവലം കമ്മീഷൻ മാത്രം ഉപജീവനമാർഗ്ഗമാക്കി പ്രവർത്തിക്കുന്ന എൽ.ഐ. സി ഏജൻ്റന്മാരുടെ വിയർപ്പിൻ്റെ ഫലമാണ് എൽ.ഐ.സി.യുടെ ഇന്നത്തെ നിലവാരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെട്ടിക്കുറച്ചു കമ്മീഷൻ പുന: സ്ഥാപിക്കുക, പോളിസി സറണ്ടർ ചെയ്താൽ കമ്മീഷൻ തിരിച്ചുപിടിക്കുമെന്ന വ്യവസ്ഥ പിൻവലിക്കുക, മിനിമം ഇൻഷ്വറൻസ് തുക വർദ്ധിപ്പിച്ച നടപടി പിൻവലിക്കുക,50 വയസ് കഴിഞ്ഞവർക്കും ചേരാനുതകുന്ന പോളിസികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും, മാനേജ്മെമെൻ്റുമായി ദേശീയ പ്രസിഡൻ്റ് എൻ കെ പ്രേമചന്ദ്രൻ എം പി നടത്തുന്ന ചർച്ചക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചും, ദേശവ്യാപകമായി ആൾ ഇന്ത്യാ എൽ.ഐ.സി. ഏജൻ്റ്സ് ഫെഡറേഷൻ സംഘടിപ്പിച്ച ധർണ്ണാസമരം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡൻ്റ് പുന്നൂസ് പി വർഗീസ് അദ്ധക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പി സി ലതാ മോൾ, സി എൻ സുരേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.