തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയ മലയാളികൾക്ക് പണി വരുന്നു. ഇനിമുതൽ മേൽവിലാസം കേരളത്തിലേതാക്കി മാറ്റണമെങ്കിൽ മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്ന രീതിയിൽ വാഹനം ഓടിച്ച് കാണിക്കണം എന്നതാണ് പുതിയ കടമ്പ. കേരളത്തിന് പുറത്ത് നിന്ന് വളരെ എളുപ്പത്തിൽ ലൈസൻസ് കിട്ടുന്നതിനാൽ നിരവധിപേർ ഈ രീതി സ്വീകരിക്കുന്നുണ്ട്. ഇതേത്തുടർന്നാണ് പുതിയ രീതി കേരളത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.
അടുത്തിടെ കേരളത്തിലെ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന രീതി സർക്കാർ പരിഷ്കരിച്ചിരുന്നു. ടെസ്റ്റ് മാനദണ്ഡങ്ങൾ കടുപ്പിക്കുകയും ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തതോടെ നിരവധി പേർ കേരളത്തിൽ നിന്ന് പുറത്തേക്ക് പോയി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലൈസൻസ് എടുത്തിരുന്നു. ഇതോടുകൂടിയാണ് കടുപ്പിക്കാൻ മോട്ടോർ വെഹിക്കിൾ ഡിപാർട്മെന്റ് തീരുമാനിച്ചത്. കേരളത്തിൽ നിയമം കർശനമാക്കിയപ്പോൾ ലൈസൻസ് ടെസ്റ്റ് പേരിന് മാത്രം നടത്തുന്ന കർണാടകയിലേയും തമിഴ്നാട്ടിലേയും ചില കേന്ദ്രങ്ങളിലേക്ക് മലയാളികൾ ഒഴുകിയെത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപേക്ഷകന് വാഹനം ഓടിക്കാൻ അറിയാമെന്ന് ബോദ്ധ്യപ്പെടാൻ റോഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നതിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് തീരുമാനമെടുക്കാം എന്നതാണ് പുതിയ രീതി. എന്നാൽ സ്വന്തമായി ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറല്ലാത്തതിനാൽ മിക്ക മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും റോഡ് ടെസ്റ്റ് നടത്തുന്നുണ്ട്. അതേസമയം ഈ വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലൈസൻസ് എടുത്തവർ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
രാജ്യത്തുടനീളം ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന് മോട്ടോർ വാഹന നിയമപ്രകാകം ഒരേ മാനദണ്ഡമാണ്. എന്നാൽ കേരളത്തിൽ കെബി ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം നിയമം കർശനമാക്കിയിരുന്നു. ഇതോടെയാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് ലൈസൻസ് എടുക്കുന്നവരുടെ എണ്ണം കൂടിയത്.