കോട്ടയം : പട്ടിക വിഭാഗ സംവരണത്തിലെ മേൽത്തട്ട് പരിധി, ഉപവർഗീകരണം എന്നീ വിഷയങ്ങളിന്മേൽ ഓഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടുള്ള പുന:പരിശോധന ഹർജികൾ കോടതി നിരാകരിച്ച സാഹചര്യത്തിൽ കേന്ദ്ര നിയമ നിർമ്മാണത്തിനായി പട്ടികജാതി_പട്ടികവർഗ്ഗ സമുദായ സംഘടനകളുടെ സംയുക്ത വേദിയായ ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 10ന് തിരുവനന്തപുരത്ത് പ്രതിഷേധ സാഗരം നടത്തുവാൻ കോട്ടയത്ത് ചേർന്ന സമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു.സ്ഥിതിവിവര കണക്കുകളുടെ അഭാവത്തിൽ സംസ്ഥാനം തിടുക്കത്തിൽ നടപടികളിലേക്ക് കടക്കരുത്. ഈ വിഷയത്തിന്മേൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധ ഉണ്ടാകുന്നതിനുവേണ്ടി സമരമുഖം സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ ആയിരിക്കും. നവംബർ 10ന് ജില്ല താലൂക്ക് സമരസമിതികളുടെ രൂപീകരണവും കൺവെൻഷനുകളും നടക്കും. നവംബർ 15 മുതൽ 20 വരെ ഈ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ലക്ഷത്തിലധികം കാർഡുകളും മെയിലുകളും അയക്കും. സമരസന്ദേശം പങ്കുവയ്ക്കുന്നതിന് താലൂക്ക് ജില്ലാ തലങ്ങളിൽ പ്രചരണ വിളംബര ജാഥകൾ നടത്തും. പ്രതിഷേധ സാഗരത്തിൽ ഒരു ലക്ഷത്തിലധികം സമുദായ അംഗങ്ങൾ അണിനിരക്കും.സമര പ്രഖ്യാപനവും, കൺവെൻഷനും കെ.പി.എം.എസ് ജനറൽ സെക്രട്ടറിയും, ദളിത് ആദിവാസി സംയുക്ത സമിതി ജനറൽ കൺവീനറുമായ ശ്രീ.പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡൻ്റും, സമിതി ചെയർമാനുമായ കെ.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. സംഘടനാ നേതാക്കളായ എ.കെ.സജീവ്, എം.ടി.സനേഷ്, പ്രസാദ്തോട്ടത്തിൽ, അഡ്വ.എ.സനീഷ്കുമാർ, പ്രവീൺ.വി.ജയിംസ്, എ.കെ.ലാലു, കെ.ശശിധരൻ, ഡോ.എ.കെ.തങ്കപ്പൻ, കെ.വി.അജയകുമാർ, അഖിൽ.കെ.ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.