കൈവശമുള്ളത് 52000 രൂപ..! 12 കോടിയുടെ സ്വത്ത്; നാമ നിർദേശപത്രികയ്‌ക്കൊപ്പം നൽകിയ സ്വത്ത് വിവരങ്ങൾ പ്രിയങ്ക പുറത്ത് വിട്ടു

കൽപ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി 12 കോടിയെന്ന് സത്യവാങ്മൂലം. വിവിധ ബാങ്കുകളിലായും സ്വർണവുമായും 4.24 കോടിയുടെ നിക്ഷേപമുണ്ട്. നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൈവശം 52,000 രൂപയാണ് ഉള്ളത്. 2.1 കോടിയുടെ ഭൂസ്വത്തുക്കൾ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമിയുണ്ട്. 15,75,000 രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവ് റോബർട്ട് വാധ്രയ്ക്ക് 37.91 കോടിയുടെ ജംഗമവസ്തുക്കളും 27.64 കോടിയുടെ സ്ഥാപരവസ്തുക്കളുമുണ്ട്.

Advertisements

ഭർത്താവ് സമ്മാനമായി നൽകിയ ഹോണ്ട സിആർവി കാർ, 1.15 കോടി വിലമതിക്കുന്ന 4400 ഗ്രാം സ്വർണം കൈവശമുണ്ട്. കൂടാതെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ സ്വന്തമായി വീടുണ്ടെന്നും അതിന് 5.63 കോടിയിലധികം രൂപയുണ്ടെന്നും സത്യവാങ് മൂലത്തിൽ പറയുന്നു. റോബർട്ട് വാദ്രയ്ക്ക് 10 കോടി രൂപയുടെ സാമ്ബത്തിക ബാധ്യതയുമുണ്ട്. മധ്യപ്രദേശിൽ ഒന്നും ഉത്തർ പ്രദേശിൽ രണ്ടും അടക്കം പ്രിയങ്കയ്ക്കെതിരെ ഇതുവരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യുകെയിലെ സണ്ടർലാൻഡ് സർവകലാശാലയിൽ നിന്ന് വിദൂര പഠനത്തിലൂടെ ബുദ്ധിസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തരബിരുദം നേടി. ഡൽഹി സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിഎ നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വയനാട് കലക്ടർ ഡിആർ മേഘശ്രീക്കാണ് പത്രിക സമർപ്പിച്ചത്. രാവിലെ റോഡ് ഷോ നടത്തി ജനങ്ങളെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് കലക്ടറേറ്റിലെത്തിയത്. അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി, ഭർത്താവ് റോബർട്ട് വാധ്ര, മകൻ റെയ്ഹാൻ വാധ്ര, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവർക്കൊപ്പമാണ് പ്രിയങ്കയെത്തിയത്.

വയനാടിന്റെ കുടുംബമാകുന്നതിൽ അഭിമാനമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിൽ തന്നെ വിജയിപ്പിച്ചാൽ അത് ആദരവായി കണക്കാക്കും. വയനാട്ടുകാർക്ക് വേണ്ടി പോരാടുമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. കൽപ്പറ്റയിൽ റോഡ് ഷോയ്ക്ക് ശേഷം യുഡിഎഫ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇതാദ്യമായാണ് തനിക്കു വേണ്ടി വോട്ടു തേടി പ്രചാരണം നടത്തുന്നതെന്നും യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.

17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ഇന്നിപ്പോൾ 35 വർഷത്തോളമായി അച്ഛനുവേണ്ടിയും അമ്മയ്ക്കും വേണ്ടിയും സഹോദരന് വേണ്ടിയും മറ്റു നേതാക്കൾക്ക് വേണ്ടിയും പ്രചാരണം നടത്തി. ആദ്യമായിട്ടാണ് എനിക്ക് വേണ്ടി ഒരു തെരഞ്ഞടുപ്പ് പ്രചാരണത്തിന് നിങ്ങളുടെ പിന്തുണ തേടി എത്തുന്നത്. അത് വ്യത്യസ്തമായ അനുഭവമാണ്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനായി അവസരം നൽകിയതിന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോട് വലിയ നന്ദിയുണ്ട്.

കുറച്ച് നാളുകൾക്ക് മുമ്ബ് ഞാൻ വയനാട്ടിലെ മുണ്ടക്കൈയിൽ സഹോദരനൊപ്പം വന്നു. അവിടെ എല്ലാം നഷ്ടമായവരെ കണ്ടു. ഉരുൾപൊട്ടലിൽ ജീവിതം ഇല്ലാതായ മനുഷ്യരെ കണ്ടു. ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവർത്തിക്കുകയായിരുന്നു. അത്യാഗ്രഹമില്ലാതെ സ്‌നേഹം മാത്രം നൽകിയാണ് അവർ പരസ്പരം പിന്തുണച്ചത്. ദുരന്തമുഖത്തെ വയനാട്ടുകാരുടെ ധൈര്യം എന്നെ വല്ലാതെ സ്പർശിച്ചു. വയനാട്ടുകാർ രാഹുലിന് സ്നേഹവും ധൈര്യവും പോരാടാനുള്ള കരുത്തും നൽകി. സഹോദരന് നൽകിയ പിന്തുണയ്ക്ക് ഞാനും കുടുംബവും എപ്പോഴും കടപ്പെട്ടിരിക്കുമെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു.

വയനാടുമായുള്ള ബന്ധം ഞാൻ കൂടുതൽ ദൃഡമാക്കും. വയനാട്ടിലെ രാത്രിയാത്ര നിരോധനം, മെഡിക്കൽ കോളേജ് തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും രാഹുൽ എനിക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. ഇത് എന്റെ പുതിയ യാത്രയാണ്. ഇതിൽ നിങ്ങൾ ഓരോരുത്തരുമാണ് ഗുരുക്കൻമാർ. ഇന്ന് നിങ്ങൾ എന്റെ കുടുംബമാണ്. നിങ്ങൾക്കൊപ്പം എക്കാലവും ഞാൻ ഉണ്ടാകും. ഏത് പ്രശ്‌നത്തിലും സന്തോഷത്തിലും സങ്കടത്തിലും ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്നവർ അധികാരം നൽകിയത് ആരാണോ അവരുടെ ഇടയിൽ വിഭജനവും വിദ്വേഷവും സൃഷ്ടിച്ചെടുക്കുന്ന സാഹചര്യത്തിലാണ് ജീവിക്കുന്നത്. സത്യത്തിനും നീതിക്കും തുല്യതയ്ക്ക് വേണ്ടിയാണ് നമ്മൾ ഇന്ന് പോരാടുന്നതെന്നും പ്രിയങ്ക പറഞ്ഞു.

വയനാട്ടിലെ ജനങ്ങളുമായുണ്ടായ എന്റെ ബന്ധം എന്തായിരുന്നവെന്നു നിങ്ങൾക്ക് അറിയാമെന്ന് തുടർന്ന് സംസാരിച്ച രാഹുൽഗാന്ധി പറഞ്ഞു. വയനാട് എനിക്കുവേണ്ടി ചെയ്തത് എന്താണെന്ന് വാക്കുകളിൽ പറയാൻ സാധിക്കില്ല. വയനാട്ടിൽ ഇനി രണ്ടു പ്രതിനിധികളുണ്ടാകും. ഒരാൾ ഔദ്യോഗിക എംപിയും മറ്റൊരാൾ അനൗദ്യോഗിക എംപിയും ആയിരിക്കും. ഇന്ത്യയിൽ ഒരു മണ്ഡലത്തിൽ രണ്ട് പ്രതിനിധികൾ പാർലമെന്റിൽ ഉള്ളത് വയനാട് മണ്ഡലത്തിലായിരിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Hot Topics

Related Articles