ലഹരി ഉപയോഗം സംബന്ധിച്ചുള്ള പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു; കോട്ടയം വാകത്താനത്ത് കുരുമുളക് സ്‌പ്രേ ആക്രമണത്തിൽ വലഞ്ഞിട്ടും പ്രതികളെ സാഹസികമായി പിടികൂടി പൊലീസ് ഉദ്യോഗസ്ഥർ; പരിക്കേറ്റിട്ടും പ്രതികളെ പിടികൂടിയത് വാകത്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ

കോട്ടയം: മാതാപിതാക്കൾ വിദേശത്തായ വീട് കേന്ദ്രീകരിച്ച് മകന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി ഉപയോഗം സംബന്ധിച്ച് അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ലഹരി മാഫിയ സംഘത്തിന്റെ കുരുമുളക് സ്‌പ്രേ ആക്രമണം. പ്രതികളുടെ ആക്രമണത്തിൽ ആദ്യമൊന്ന് പതറിപ്പോയെങ്കിലും പിന്നീട് പ്രതികളെ സാഹസികമായി പൊലീസ് സംഘം കീഴ്‌പ്പെടുത്തി. കോട്ടയം വാകത്താനം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആന്റണി മൈക്കിൾ, സിവിൽ പൊലീസ് ഓഫിസർ സെബിൻ പീറ്റർ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കേസിലെ പ്രതികളായ പരിയാരം ആഞ്ഞിലിക്കടപ്പിൽ ഷെബിൻ സി.വർഗീസ്, മുട്ടമ്പലം മടുക്കാനി സിബി തോമസ് , പരിയാരം ഡോൺ മാത്യു എന്നിവരെ വാകത്താനം പൊലീസ് സംഘം പിടികൂടി കോട്ടയം ഈസ്റ്റ് പൊലീസിനു കൈമാറി. സംഘത്തിലുണ്ടായിരുന്ന രണ്ട് പ്രതികൾ ഓടി രക്ഷപെട്ടു. ഇവർക്കായി പൊലീസ് സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Advertisements

ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ പുതുപ്പള്ളി കൈതേപ്പാലത്തിനു സമീപമായിരുന്നു സംഭവം. പ്രദേശത്തെ വീട് കേന്ദ്രീകരിച്ചു വ്യാപകമായ രീതിയിൽ ലഹരി ഉപയോഗം നടക്കുന്നതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. നാട്ടുകാർ നിരന്തരം പരാതി പറയുക കൂടി ചെയ്തതോടെയാണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സി.കെ മനോജ്കുമാറിന്റെ നിർദേശാനുസരണം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആന്റണി മൈക്കിളും , സിവിൽ പൊലീസ് ഓഫിസർ സോബിനും സ്ഥലത്ത് എത്തിയത്. ഇവിടെ വീട്ടിലേയ്ക്ക് പരിശോധനയ്ക്കായി എത്തിയതും പ്രതികൾ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ഇതിനിടെ രണ്ട് പ്രതികൾ സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു. മാതാപിതാക്കൾ വിദേശത്തായ പ്രതികളിൽ ഒരാൾ വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗത്തിന് ക്രമീകരണം ചെയ്തു നൽകുകയായിരുന്നു. രാസ ലഹരിയും കഞ്ചാവും അടക്കം ഇവർ ഉപയോഗിച്ചിരുന്നതായാണ് പൊലീസ് സംഘത്തിന് മനസിലായത്. പ്രതികളെ പിടികൂടിയ ശേഷമാണ് ഇവർ ലഹരി ഉപയോഗിച്ചിരുന്ന വീട് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് എന്ന് വ്യക്തമായത്. തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സംഘത്തെ വിവരം അറിയിച്ചു. കോട്ടയം വാകത്താനം – ഈസ്റ്റ് പൊലീസ് സ്‌റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു. കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Hot Topics

Related Articles