അബ്ദുള്‍ ഷുക്കൂർ വീണ്ടും പാർട്ടിയിലേക്ക്; “ഇറച്ചിക്കടക്ക് മുന്നിൽ പട്ടികൾ നില്‍ക്കുന്ന പോലെയാണ് മാധ്യമങ്ങൾ” എന്ന് അധിക്ഷേപിച്ച് എൻ.എൻ കൃഷ്‌ണദാസ് 

പാലക്കാട്: മാധ്യമങ്ങള്‍ക്കു നേരെ അധിക്ഷേപം തുടര്‍ന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയാണ് എൻ.എൻ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഷുക്കൂറുമായി പുറത്തിറങ്ങിയ എൻ.എൻ കൃഷ്ണദാസിനോട് പ്രതികരണം തേടിയപ്പോഴായിരുന്നു അധിക്ഷേപ പരാമര്‍ശം. 

Advertisements

ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ രാവിലെ മുതൽ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം. ഷുക്കൂറിനെ നിങ്ങള്‍ക്ക് അറിയില്ലെന്നും ഷുക്കൂറിനൊന്നും പറയാനില്ലെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷുക്കൂറിനോട് പ്രതികരണം തേടിയതിനെയും കൃഷ്ണദാസ് തടഞ്ഞു. ഷുക്കൂറിനുവേണ്ടി താൻ സംസാരിക്കുമെന്നായിരുന്നു മറുപടി. പാലക്കാട്ടെ സിപിഎമ്മിന്‍റെ രോമത്തിൽ തൊടാനുള്ള ശേഷി ആര്‍ക്കുമില്ല. 

പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ചു കൊണ്ടായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസിന്‍റെ പ്രതികരണം. 

പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറി സംബന്ധിച്ച ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാൻ പറയുകയായിരുന്നു എൻഎൻ കൃഷ്ണദാസ്. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകൻമാരെ പോലെ നടക്കുകയല്ലെയെന്നും ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് പൊട്ടിത്തെറിച്ചു.

മാറ്, മാറ്, മാറ് എന്ന പലതവണ പറഞ്ഞശേഷം മാറാൻ പറഞ്ഞാൽ മാറിക്കോളണമെന്ന് പറഞ്ഞുകൊണ്ട് ആക്രോശിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. എല്ലാവരോടും സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കരുതെന്നും കോലുംകൊണ്ട് എന്‍റെ മുന്നിലേക്ക് വരണ്ടെന്നും കൃഷ്ണദാസ് രോഷത്തോടെ പറഞ്ഞു. പാര്‍ട്ടി വിട്ട ഷുക്കൂറിനെ അനുനയിപ്പിക്കാൻ നേരത്തെ കൃഷ്ണദാസ് വീട്ടിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മാധ്യമങ്ങള്‍ പ്രതികരണം തേടിയത്. ആരോട് ചർച്ച നടത്തിയെന്ന കാര്യം മാധ്യമങ്ങളോട് പറയേണ്ടന്നും കൃഷ്ണദാസ് പറഞ്ഞു.

അതേസമയം, പാര്‍ട്ടിവിട്ട ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറിനെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ്  സിപിഎം നേതൃത്വം ഒപ്പം നിര്‍ത്തി. സിപിഎം ജില്ലാ സെകട്ടറിയുടെ ഏകാധിപത്യവും പാർട്ടിയിൽ നിന്നുള്ള അവഗണനയുമാണ് തീരുമാനത്തിന് കാരണമെന്ന് പ്രതികരിച്ചാണ് ഷുക്കൂര്‍ ഇടഞ്ഞു നിന്നത്. 

പാർട്ടി നേതൃത്വത്തിന്‍റെ അനുനയ നീക്കം ഫലം കണ്ടതോടെ ഇന്ന് വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ അബ്ദുൾ ഷുക്കൂർ പങ്കെടുക്കും. പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ. പാലക്കാട് നിയോജക മണ്ഡലത്തിൽ നല്ല ജനപിന്തുണയുള്ള നേതാവ് കൂടിയായ ഇദ്ദേഹം ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ നിലപാടെടുത്താണ് രാജി പ്രഖ്യാപിച്ചത്.

Hot Topics

Related Articles