അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടി : പി.പി.ദിവ്യയെ തരം താഴ്ത്താൻ സി പി എം

കണ്ണൂർ: അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിക്ക് ഒരുങ്ങി സി.പി.എം. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ.നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളത്തില്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നല്‍കിയ വിശദീകരണം പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വന്നതോടെ ദിവ്യയെ പ്രാദേശിക ഘടകത്തിലേക്ക് തരംതാഴ്ത്താൻ സാധ്യതയേറി.പാർട്ടിസമ്മേളന കാലമായതിനാല്‍ അതുകഴിഞ്ഞ് മതി അച്ചടക്ക നടപടിയെന്നായിരുന്നു മുൻ ധാരണ. പക്ഷേ, അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിയെടുക്കാനാണ് ഇപ്പോഴത്തെ പാർട്ടിനീക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷയിലെ തീർപ്പ് വരുന്നോടെ നടപടിയുമുണ്ടാകും. നിലവില്‍ സി.പി.എം. ജില്ലാ കമ്മിറ്റിയംഗമാണ് ദിവ്യ.യാത്രയയപ്പ് യോഗത്തില്‍ ദിവ്യ നടത്തിയ വിവാദപ്രസംഗത്തിന് പിന്നാലെ എ.ഡി.എം. ആത്മഹത്യചെയ്തത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയെങ്കിലും ദിവ്യയെ പൂർണമായും തള്ളിപ്പറയാൻ ജില്ലാകമ്മിറ്റി തയ്യാറായില്ല. ദിവ്യയുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതോടെ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി വിശദീകരണവും ചോദിച്ചു.കളക്ടർ വിളിച്ചിട്ടാണ് യോഗത്തില്‍ പങ്കെടുത്തതെന്നും അഴിമതിക്കാര്യം സദുദ്ദേശ്യത്തോടെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ദിവ്യയുടെ നിലപാട്. പക്ഷേ പോലീസ് അന്വേഷണത്തില്‍ ദിവ്യ പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞു. യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കാൻ അവസരമൊരുക്കാൻ ദിവ്യയാണ് കളക്ടറോട് ഫോണിലൂടെ ആവശ്യപ്പെട്ടതെന്ന് വ്യക്തമായി. ദിവ്യയുടെ ഫോണ്‍കോള്‍ വിവരങ്ങളുടെ പരിശോധനയിലാണ് ഇത് തെളിഞ്ഞത്. യാത്രയയപ്പില്‍ പങ്കെടുക്കാനുള്ള താത്പര്യമറിയിച്ച്‌ ദിവ്യയും കളക്ടർ അരുണ്‍ കെ.വിജയനും തമ്മില്‍ 50 സെക്കൻഡ് ദൈർഘ്യമുള്ള ഫോണ്‍സംഭാഷണം നടത്തിയിരുന്നു. തലശ്ശേരി സെഷൻസ് കോടതിയില്‍ നല്‍കിയ മുൻകൂർ ജാമ്യഹർജിയില്‍ കളക്ടറുടെ ക്ഷണപ്രകാരമാണ് യാത്രയയപ്പ് ചടങ്ങില്‍ എത്തിയതെന്നാണ് ദിവ്യ പറഞ്ഞത്. രാഷ്ട്രീയ താത്പര്യപ്രകാരമാണ് പ്രതിചേർത്തതെന്നും ഹർജിയില്‍ പറഞ്ഞു. വഴിയേ പോകുന്നതിനിടെയാണ് ചടങ്ങിനെക്കുറിച്ച്‌ അറിഞ്ഞതെന്നാണ് 14-ന് എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിനിടെ ദിവ്യ പറഞ്ഞത്.

Advertisements

Hot Topics

Related Articles